തിരുവനന്തപുരം: നിയമസഭാ കക്ഷിനേതാവിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു സ്പീക്കര്‍ക്ക് റോഷി അഗസ്റ്റിന്‍ കത്തു നല്‍കി. പാര്‍ട്ടി വിപ്പ് എന്ന നിലയിലാണ് റോഷി കത്ത് നല്‍കിയത്.
നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കിയത്. നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒരുമിച്ച് കൊണ്ടുപോവാന്‍ പി ജെ ജോസഫ് ശ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷിനേതൃസ്ഥാനവും താന്‍ തന്നെ വഹിക്കുമെന്ന് പിജെ പരസ്യമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരാതെ എല്ലാം ജോസഫ് ഒറ്റക്ക് തീരുമാനിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കു അമര്‍ഷമുള്ളതായി മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.