കോട്ടയത്തെ നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍: ജോസഫിന്റെ നിലപാട് നിര്‍ണായകമാകും

കോട്ടയത്തെ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുത്ത് മറ്റ് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനാണ് കോണ്‍ഗ്രസില്‍ ആലോചന. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച പതിനാല് സീറ്റുകളും ജോസഫിന് ലഭിക്കുമോ എന്നതിലും സമവായമുണ്ടാകേണ്ടതുണ്ട്.

Update: 2020-10-15 08:22 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലേക്ക് പോകുമെന്ന പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയിലെ നിയമസഭാ സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍. കേരള കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തയ്യാറാകുമ്പോള്‍ പിജെ ജോസഫിന്റെ നിലപാട് നിര്‍ണായകമാകും. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടമിടുന്നത്. കോട്ടയത്തെ കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുത്ത് മറ്റ് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനാണ് കോണ്‍ഗ്രസില്‍ ആലോചന. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച പതിനാല് സീറ്റുകളും ജോസഫിന് ലഭിക്കുമോ എന്നതിലും സമവായമുണ്ടാകേണ്ടതുണ്ട്.

പാലാ എല്‍ഡിഎഫ് ജോസ് കെ മാണിക്ക് വിട്ടുനല്‍കിയാല്‍ മാണി സി കാപ്പനെ ഏത് വിധേനയും പാളയത്തിലെത്തിക്കാനും യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. അതേസമയം പാലാ സീറ്റ് കോണ്‍ഗ്രസ് എടുത്താല്‍ കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. കാഞ്ഞിരപ്പള്ളിയില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന് പുറമെ ടോമി കല്ലാനിയുടെ പേരും ചര്‍ച്ച ചെയ്യുന്നുണ്ട്. ചങ്ങനാശേരിയില്‍ കെസി ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിജെ ജോസഫ് ചങ്ങനാശേരി വിട്ടുനല്‍കാന്‍ സാധ്യതയില്ല. അന്തരിച്ച മുന്‍ എംഎല്‍എ സിഎഫ് തോമസിന്റെ മകള്‍ സിനി തോമസ്, സിഎഫിന്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സിസ് എന്നിവരെ സ്ഥാനാര്‍ഥിയാക്കാന്‍ ജോസഫ് ശ്രമിക്കുന്നതായാണ് സൂചന.അതെ സമയം ഏറ്റുമാനൂരില്‍ മുന്‍ മന്ത്രി കെ.സി ജോസഫ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ടോമി കല്ലാനി, നാട്ടകം സുരേഷ് എന്നിവരുടെ പേരും സാധ്യത പട്ടികയിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കേണ്ടുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്ക് കണ്ണുണ്ട്. ഇക്കാര്യത്തില്‍ പിജെ ജോസഫിന്റെ നിലപാടാകും നിര്‍ണായകമാകുക.

Tags:    

Similar News