ഐജി ശ്രീജിത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെ ന്യായീകരിച്ചും പാലത്തായി ഇരയെ അധിക്ഷേപിച്ചും വിവാദ ശബ്ദസന്ദേശം
സംഭാഷണത്തില്‍ മൊഴികള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ് ഇരയെ അവമതിക്കുന്നുമുണ്ട്. അതേസമയം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം അതിവേഗം പ്രചരിക്കുന്ന സംഭാഷണത്തിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പി സി അബ്ദുല്ല
കോഴിക്കോട്: ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ടെലിഫോണ്‍ സംഭാഷണം വിവാദമാവുന്നു. പാലത്തായി കേസില്‍ ബിജെപി നേതാവായ പ്രതിക്കെതിരേ പോക്‌സോ ചുമത്താതിരുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നതാണ് സംഭാഷണം. സംഭാഷണത്തില്‍ മൊഴികള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ് ഇരയെ അവമതിക്കുന്നുമുണ്ട്. അതേസമയം, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം അതിവേഗം പ്രചരിക്കുന്ന സംഭാഷണത്തിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭാഷണത്തിലെ ശബ്ദം ഐജി ശ്രീജിത്തിന്റെ ശബ്ദവുമായി സാമ്യമുള്ളതാണ്.
എന്നാല്‍, ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് സംഭാഷണത്തിന്റെ ആധികാരികത ചോദിച്ച് ഐജിക്ക് ശബ്ദസന്ദേശം അയച്ചെങ്കിലും അതിനും മറുപടി ലഭിച്ചില്ല. കണ്ണൂരിലുള്ള മുഹമ്മദ് എന്നയാള്‍ പാലത്തായി കേസുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ചപ്പോള്‍ ഐജി ക്രൈംബ്രാഞ്ചിനെ പൂര്‍ണമായി ന്യായീകരിക്കുന്നതാണ് സംഭാഷണത്തിലുള്ളത്. പാലത്തായി കേസിന്റെ ആരംഭഘട്ടത്തില്‍ പ്രതിക്കനുകൂലമായും ഇരയെ ആക്ഷേപിച്ചും ആര്‍എസ്എസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍തന്നെയാണ് ക്രൈംബ്രാഞ്ചിനെ ന്യായീകരിച്ചുകൊണ്ട് സംഭാഷണത്തില്‍ ആവര്‍ത്തിക്കുന്നത്.
പീഡിപ്പിക്കപ്പെട്ടതായി ഇര പറഞ്ഞ ദിവസങ്ങളില്‍ പ്രതി കോഴിക്കോട്ടായിരുന്നു എന്നതും പീഡനം നടന്ന സ്‌കൂളിലെ ബാത്ത് റൂമിന് കൊളുത്തുണ്ടായിരുന്നില്ല എന്നതുമടക്കമുള്ള ഘടകങ്ങളാണ് പ്രതിക്കെതിരേ പോക്‌സോ ചുമത്താത്തതെന്നാണ് വിശദീകരണം. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ അറിയിച്ച കേസില്‍ തുടര്‍നടപടികളെ അട്ടിമറിക്കുന്നതാണ് പ്രചരിക്കുന്ന സംഭാഷണത്തിലെ പരാമര്‍ശങ്ങളെല്ലാം. വിവാദസംഭാഷണം ക്രൈംബ്രാഞ്ച് മേധാവിയുടേതാണെന്ന് തെളിഞ്ഞാല്‍ ഒട്ടേറെ മാനങ്ങള്‍കൂടി ഈ വിവാദത്തിന് കൈവരും. അതേസമയം, പാലത്തായി പ്രതിക്ക് ജാമ്യം ലഭിച്ചതോടെ പ്രതിരോധത്തിലായ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള ആസൂത്രിതനീക്കമാണോ ഇതെന്നും സംശയിക്കുന്നവരുണ്ട്.