ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍; മദ്യത്തിന് കൊവിഡ് സെസ് വരുന്നു
മദ്യത്തില്‍നിന്ന് നികുതിയായോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യവില്‍പ്പനശാലകള്‍ തുറക്കുമ്പോള്‍ അധികനികുതിയില്‍ തീരുമാനമുണ്ടായേക്കും.
തിരുവനന്തപുരം: മദ്യനികുതി കൂട്ടാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ പല സംസ്ഥാനങ്ങളും മദ്യനികുതി വര്‍ധിപ്പിച്ചിരുന്നു. മദ്യത്തില്‍നിന്ന് നികുതിയായോ സെസ് ആയോ കൂടുതല്‍ വരുമാനം കണ്ടെത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യവില്‍പ്പനശാലകള്‍ തുറക്കുമ്പോള്‍ അധികനികുതിയില്‍ തീരുമാനമുണ്ടായേക്കും.
മറ്റുവരുമാനങ്ങള്‍ കുത്തനെ കുറഞ്ഞതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ മദ്യത്തിന്റെ ചില്ലറവിലയില്‍ 70 ശതമാനമാണ് 'കൊവിഡ് പ്രത്യേക ഫീ' ചുമത്തിയത്. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാന്‍ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തില്‍ മദ്യത്തിന് ഇപ്പോള്‍ പലതട്ടുകളായി 100 മുതല്‍ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാല്‍ സെസ് ചുമത്താനാണ് കൂടുതല്‍ സാധ്യത. 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം നേടിയിരുന്നു. അന്ന് പ്രതീക്ഷിച്ചതിലേറെ വരുമാനമാണ് ലഭിച്ചത്.
ലോക്ക് ഡൗണ്‍ ഇളവില്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. ജനങ്ങളുടെ തള്ളിക്കയറ്റം മൂലം പല സംസ്ഥാനങ്ങളിലും തുറന്ന മദ്യഷോപ്പുകള്‍ അടയ്ക്കേണ്ടി വന്നിരുന്നു. മദ്യഷോപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ച പ്രദേശങ്ങളിലേക്ക് അതിര്‍ത്തി കടന്നും ആളുകള്‍ എത്തുന്നതും പ്രശ്നമാണ്. എന്നാല്‍ കര്‍ണാടക ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മദ്യഷോപ്പുകള്‍ തുറന്നത് കേരളത്തിന് ഗുണകരമായി. ഇതോടെ സംസ്ഥാനത്ത് ബാറുകള്‍ തുറന്നാലും പുറമേ നിന്നുള്ള കടന്നുവരവ് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. എത്രയും പെട്ടെന്ന് തന്നെ ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കണമെന്ന നിലപാടിലാണ് ധനവകുപ്പ്.
മുഖ്യമന്ത്രിയുടേയും ആരോഗ്യവകുപ്പിന്റേയും അഭിപ്രായം മാനിച്ചാണ് ലോക്ഡൗണ്‍ ഇളവില്‍ മദ്യശാലകള്‍ തുറക്കേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്. മദ്യശാലകള്‍ തുറക്കുകയും കൊവിഡ് സമൂഹ വ്യാപനം ഉണ്ടാകുകയും ചെയ്താല്‍ സര്‍ക്കാരിനെതിരെ വലിയതോതില്‍ ആരോപണങ്ങള്‍ ഉയരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ഇത് ശരിവച്ചതോടെയാണ് മദ്യശാലകള്‍ തുറക്കാനുള്ള നീക്കം സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മാറ്റിവച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലുള്ള കേന്ദ്രസഹായം ലഭിക്കാതെ വരികയും സാമ്പത്തിക നില അങ്ങേയറ്റം പരുങ്ങലിലാകുകയും ചെയ്ത സാഹചര്യത്തില്‍ കഴിയുന്നത്ര വേഗത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനമുണ്ടാകും. എതിര്‍പ്പുണ്ടായാല്‍ കൊവിഡ് ബാധ കൂടുതലായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറന്നത് ചൂണ്ടിക്കാട്ടി ന്യായീകരിക്കാനുമാകും.