കോവിഡ് 19: കേരള ടൂറിസം മേഖല സ്തംഭനത്തില്‍;സഹായപാക്കേജ് വേണമെന്ന് ഫിക്കി
ഗുരുതരമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ടൂറിസം കടന്നു പോകുന്നത്. ടൂറിസം മേഖലയിലെ ചെറുകിട ഇടത്തരം സംരംഭകരായ ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഹോട്ടലുകള്‍ തുടങ്ങിയവര്‍ പ്രതിസന്ധിയെ നേരിടാന്‍ കഴിയാതെ വിഷമിക്കുന്നു. കോവിഡ് 19 വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവ് നിലച്ചിരിക്കുകയാണ്.
കൊച്ചി- കോവിഡ് 19 മഹാവ്യാധിയെ തുടര്‍ന്ന് സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ആവശ്യപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമഗ്രമായ പാക്കേജ് തയ്യാറാക്കണമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടൂറിസം സബ് കമ്മിറ്റി കണ്‍വീനര്‍ യു സി റിയാസ് പറഞ്ഞു.
ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നല്‍കിയിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് മോറട്ടോറിയം അനുവദിക്കുകയോ തിരിച്ചടവ് ലഘൂകരിക്കുകയോ ചെയ്യുക, ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നവര്‍ക്കുള്ള പിഴപലിശ ഒഴിവാക്കുക, ജി എസ് ടി റീഫണ്ട് വേഗത്തിലാക്കുക തുടങ്ങിയ അടിയന്തര നടപടികളും സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
വിസ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണവും ഇടിഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ മൂലം ആഭ്യന്തര ടൂറിസവും വെല്ലുവിളി നേരിടുകയാണ്. നിരവധി എയര്‍ലൈന്‍ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ്. വിമാന ഇന്ധന നികുതി, എയര്‍പോര്‍ടുകളിലെ പാര്‍ക്കിംഗ്, ലാന്റിംഗ് ചാര്‍ജുകള്‍ തുടങ്ങിയവ കുറക്കണമെന്നാണ് എയര്‍ലൈനുകള്‍ ആവശ്യപ്പെടുന്നതെന്ന് യു സി റിയാസ് ചൂണ്ടിക്കാട്ടി.