കൊവിഡ് 19: മലപ്പുറത്ത് 1,011 പേര്‍ പുതുതായി നിരീക്ഷണത്തില്‍; ജില്ലയില്‍ ചികില്‍സയിലുള്ളത് 185 പേര്‍

കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 357 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറുപേരുമാണ് ചികില്‍സയിലുള്ളത്.

Update: 2020-06-11 13:44 GMT

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് 1,011 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,937 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 366 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 357 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്നുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറുപേരുമാണ് ചികില്‍സയിലുള്ളത്. 11,622 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 983 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 185 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും മൂന്ന് തൃശൂര്‍ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 249 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,900 പേര്‍ക്ക് സ്രവപരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 709 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കൊവിഡ് സ്ഥിരീകരിച്ച് വിദഗ്ധചികില്‍സയ്ക്കുശേഷം രോഗം ഭേദമായ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വീടുകളിലേക്ക് മടങ്ങി. മെയ് 29 ന് രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശി തൈവിലാകം എഡ്വിന്‍ ജയേഷ് (40), മെയ് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച തിരുനാവായ വൈരങ്കോട് സ്വദേശി കുന്നത്ത് കുഞ്ഞിമുഹമ്മദ് (60) എന്നിവരാണ് ആശുപത്രി വിട്ടത്. സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ തുടര്‍നിരീക്ഷണത്തിലായിരുന്ന ഇരുവരെയും പ്രത്യേക ആംബുലന്‍സുകളിലാണ് വീടുകളിലേക്ക് കൊണ്ടുപോയത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലും നിശ്ചിതദിവസം ഇവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും. 

Tags:    

Similar News