കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുരിശുമല കയറിയ വൈദികനെതിരേ കേസ്
മലയോര മേഖലയായ തളിപ്പറമ്പിനടുത്തുള്ള കുടിയാന്‍മലയിലെ ഫാത്തിമ മാതാ ദേവാലയ വികാരി ഫാ. ലാസര്‍ വരമ്പകത്തിനെതിരേയാണ് പോലിസ് കേസെടുത്തത്
കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ നിയന്ത്രണം ലംഘിച്ച് കുരിശ് ചുമന്ന് മല കയറിയതിനു വൈദികനെതിരേ പോലിസ് കേസെടുത്തു. മലയോര മേഖലയായ തളിപ്പറമ്പിനടുത്തുള്ള കുടിയാന്‍മലയിലെ ഫാത്തിമ മാതാ ദേവാലയ വികാരി ഫാ. ലാസര്‍ വരമ്പകത്തിനെതിരേയാണ് പോലിസ് കേസെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 29 മുതല്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം ഇടവകാംഗങ്ങളോടൊപ്പമാണ് മലകയറിയത്.
നേരത്തേ കുടിയാന്‍മലയില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തോളം വിശ്വാസികളോടൊപ്പം ശനിയാഴ്ച രാവിലെ വികാരി ഫാ. ലാസര്‍ വരമ്പകത്ത് പള്ളിക്കു പിറകിലായുള്ള മല കയറിയത്. സംഭവങ്ങളുടെ ദൃശ്യം വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലിസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണ് കുടിയാന്മല പോലിസ് കേസെടുത്തത്. ദുബയില്‍ നിന്നെത്തിയ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ മാര്‍ച്ച് 29 മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വൈദികന്‍. യുവാവിന്റെ മാതാപിതാക്കള്‍ക്ക് വെള്ളിയാഴ്ച രോഗബാധ കണ്ടെത്തിയിരുന്നു. മൂന്നു പേരും ഇപ്പോള്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പള്ളിയുമായി അടുത്ത ബന്ധമുള്ളയാള്‍ക്ക് രോഗബാധ തിരിച്ചറിഞ്ഞതിനാലാണ് വൈദികനോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് 14 ദിവസത്തേക്ക് കൂടി നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് വൈദികനു നിര്‍ദേശം നല്‍കി.