കൊവിഡ് 19; മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4

1,597 പേര്‍ക്ക് വൈറസ് ബാധ; 3,392 പേര്‍ക്ക് രോഗമുക്തി, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,540 പേര്‍

Update: 2021-06-10 12:48 GMT

മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.4 ശതമാനം രേഖപ്പെടുത്തി. 1,597 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,392 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,92,344 ആയി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,540 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 23 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 33 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,284 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 18,487 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 892 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 294 പേരും 89 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,025 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 954 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളില്‍ അതീവ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണ്. വീടുകളില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Tags:    

Similar News