തൃശൂരിൽ 6 ആരോഗ്യപ്രവർത്തകർക്കടക്കം 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ സമ്പർക്കത്തിലൂടെ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്
തൃശൂർ: തൃശൂരിൽ 6 ആരോഗ്യപ്രവർത്തകർക്കടക്കം 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നിലവിൽ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിൽസയിൽ കഴിയുന്നത്. 6 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ സമ്പർക്കത്തിലൂടെ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ചാലക്കുടി സ്വദേശിനി (53), ചാവക്കാട് സ്വദേശിനി (31), അരിമ്പൂർ സ്വദേശിനി (36), മാടായിക്കോണം സ്വദേശി(47), ഗുരുവായൂർ സ്വദേശിനി(48), കരുവന്നൂർ സ്വദേശി (48) എന്നിങ്ങനെ ആറ് ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കം മൂലം രോഗബാധയേറ്റത്. ഇത് കടുത്ത ആശങ്കയാണ് ഈ മേഖലകളിൽ ഉളവാക്കിയിരിക്കുന്നത്.
ജൂൺ 8 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട എസ്എൻ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷൻ (67), ജൂൺ 02 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂൺ 05 ന് ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38), മെയ് 26 ന് ദുബൈയിൽ നിന്നും വന്ന പുരുഷൻ (42), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം തൃശൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത വർദ്ധനവില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്കാക്കിയതിനേക്കാൾ താഴെയാണ് യഥാർത്ഥത്തിൽ പോസിറ്റിവായ കൊവിഡ് രോഗികളുടെ എണ്ണം. പ്രവാസികളുടെ മടങ്ങിവരവ് ആരംഭിച്ച മെയ് 7 ന് ശേഷം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകാവുന്ന വർദ്ധനവ് മുൻകൂട്ടി കണക്കാക്കിയിരുന്നു. അഞ്ച് ആഴ്ചകൾ പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 300 കടക്കും എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.