കൊവിഡ് 19 ചികില്‍സ: ക്യൂബയില്‍നിന്നുള്ള മരുന്ന് പരിഗണനയിലെന്ന് മുഖ്യമന്ത്രി
പോലിസിന്റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പോലിസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യമെന്ന് അറിഞ്ഞ് പെരുമാറണം.
തിരുവനന്തപുരം: കൊവിഡ് 19 പടരുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന് അവലോകനയോഗത്തില്‍ ക്യൂബയില്‍നിന്നുള്ള മരുന്ന് പരിഗണിക്കാമെന്ന അഭിപ്രായമുയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രഗ്‌സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട പ്രശ്‌നമാണത്. രോഗവ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്നും രോഗപ്രതിരോധത്തിനുള്ള സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ 95 മാസ്‌ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കും. പരിശോധനാ സംവിധാനം കൂടുതല്‍ വേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടിവരും. അനുമതി ലഭിച്ചയുടന്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍നിന്നാണ് നല്‍കുന്നത്. അത് താലൂക്കാശുപത്രികളില്‍നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
രോഗം മൂര്‍ച്ഛിച്ച ആളുകളെ ചികില്‍സിക്കുന്നതിന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. അവിടെ 200 കിടക്കകളും 40 ഐസിയു കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമികചികില്‍സാ കേന്ദ്രമാക്കി മാറ്റണം. ടെസ്റ്റിങ് സൗകര്യം വിപുലമായി നടത്താനുള്ള സംവിധാനം അവിടെയുണ്ട്. ഐസിഎംആര്‍ അനുമതിക്കാവശ്യമായ കാര്യങ്ങള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയെ പെട്ടെന്നുതന്നെ കൊവിഡ് ആശുപത്രിയാക്കി മാറ്റും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും എത്തിയവര്‍ വീടുകളില്‍തന്നെ കഴിയണം.
തൊണ്ടവേദന, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ പ്രത്യേക കൊവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം. വിദേശങ്ങളില്‍നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും കുടുംബാംഗങ്ങളും നിര്‍ബന്ധിത ഐസൊലേഷന് വിധേയമാവണം. പ്രായമായവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. അവരുമായി മറ്റാരും തുടര്‍ച്ചയായ സമ്പര്‍ക്കം പുലര്‍ത്താത്തതാണ് നല്ലത്. പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം, തുടര്‍ചികില്‍സ ആവശ്യമായ മറ്റേതെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഫലപ്രദമായ ഇടപെടല്‍ പോലിസ് നടത്തിയതുകൊണ്ട് ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പോലിസിന്റെ ഇടപെടലില്‍ ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ഒഴിവാക്കണം. പോലിസ് ആളുകളെ തടയുമ്പോള്‍ വിവേചനബുദ്ധി ഉപയോഗിക്കണം. എന്താണ് കാര്യമെന്ന് അറിഞ്ഞ് പെരുമാറണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധവേണമെന്ന് പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുകളും, ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചത് ചില ഗുരുതരപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു യുവാവ് മദ്യം കിട്ടാതെ ആത്മഹത്യചെയ്ത വാര്‍ത്ത വന്നിട്ടുണ്ട്.
മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായവര്‍ക്ക് ശാരീരികവും മാനസികവുമായ വിഷമങ്ങള്‍ ഉണ്ടാവാനും അത് മറ്റ് സാമൂഹികപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ ചികില്‍സയും കൗണ്‍സിലിങ്ങും വേണം. എക്‌സൈസ് വകുപ്പ് വിമുക്തിക്ക് കീഴിലുള്ള ഡീ അഡിക്ഷന്‍ സെന്ററുകളും കൗണ്‍സിലിങ് സെന്ററുകളും അതിനായി ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാമെന്ന് ചില കത്തോലിക്കാ സഭകള്‍ സമ്മതിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രങ്ങള്‍ പോലുള്ളവ ഇതിന് ഉപയോഗിക്കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മറ്റ് സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വകുപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.