ചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 45 പേര്‍ക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന ആരംഭിച്ചു.
കോട്ടയം: ചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റില്‍ സമ്പര്‍ക്കം മുഖേനയുള്ള കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ വിപുലമായ പരിശോധനയില്‍ ഇതുവരെ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവരാണ്. ജൂലൈ 18നാണ് മാര്‍ക്കറ്റില്‍ ആദ്യമായി രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലൈ 19 മുതല്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകള്‍ ആരംഭിച്ചു. 19ന് നാലുപേര്‍ക്കും തിങ്കളാഴ്ച 22 പേര്‍ക്കും ഇന്നലെ 16 പേര്‍ക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മല്‍സ്യമാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലുമായി ആകെ 532 പേരെയാണ് ഇതുവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ചങ്ങനാശ്ശേരി മാര്‍ക്കറ്റ് മേഖല കൊവിഡ് ക്ലസ്റ്ററായി പരിഗണിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയില്‍ പൊതുവെയും നിയന്ത്രണങ്ങളുണ്ട്. മുനിസിപ്പല്‍ മേഖലയില്‍ അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിനും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംചേരുന്നതും നിരോധിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രണ്ടുമണിക്കുശേഷം രാത്രി എട്ടുമണി വരെ ഹോട്ടലുകളില്‍ ഭക്ഷണ പാഴ്സലുകള്‍ വില്‍ക്കാം. എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ സെന്റിനല്‍ സര്‍വൈലന്‍സ് ശക്തമാക്കും. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റിബോധവല്‍ക്കരണം സജീവമാക്കും.
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധന ആരംഭിച്ചു. വ്യാപാരസ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം ചേരുന്നതും പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതും തടയുന്നതിന് റവന്യൂ, തദ്ദേശസ്വയംഭരണം, പോലിസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ പരിശോധന നടത്തും.
വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുക്കും. കോട്ടയം താലൂക്കില്‍ മൂന്നു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒന്‍പത് സ്ഥാപനങ്ങളില്‍ ഇന്നലെ പരിശോധന നടത്തി മുന്നറിയിപ്പ് നല്‍കിയതായും വീണ്ടും വീഴ്ച്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പി ജി രാജേന്ദ്രബാബു അറിയിച്ചു.