കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്; 36 ജയില്‍ ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവ്
രോഗം മൂര്‍ഛിച്ച മൂന്നുപേരെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
കൊല്ലം: ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂര്‍ഛിച്ച മൂന്നുപേരെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധന നടത്തിയ 36 ജയില്‍ ഉദ്യാഗസ്ഥരുടെ പരിശോധനാഫലം നെഗറ്റീവായി. എന്നാല്‍, ജയില്‍ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലില്‍തന്നെ നിരീക്ഷണത്തില്‍ കഴിയും. 141 തടവുപുള്ളികളുടെയും ആന്റിജന്‍ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. ജില്ലാ ജയില്‍ ഉള്‍പ്പെടുന്ന തേവള്ളി ഡിവിഷന്‍ ക്ലസ്റ്ററാക്കി കണ്ടെയ്ന്‍മെന്റ് സോണാക്കിയേക്കും. കൊല്ലം ജില്ലയില്‍ ഞായറാഴ്ച 69 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നത്. വിദേശത്തുനിന്ന് വന്ന 12 പേര്‍ക്കും അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുമെത്തിയ 6 പേര്‍ക്കും സമ്പര്‍ക്കം മൂലം 51 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് 168 പേര്‍ രോഗമുക്തി നേടി. ഇതില്‍ 60 വയസ്സുള്ള കൊല്ലം ഉമയനല്ലൂര്‍ പൊന്നിമൂട് സ്വദേശി വൃക്ക സംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കെ അസ്വസ്ഥതയെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയായിരുന്നു. ജൂലൈ 29 ന് മരണം സംഭവിച്ചു. മരണശേഷം നടത്തിയ സാംപിള്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.