ജീവനക്കാരിക്ക് കൊവിഡ്; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചു
ഏറ്റുമാനൂരില്‍ മല്‍സ്യമാക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു മാര്‍ക്കറ്റും അടച്ചിരിക്കുകയാണ്.
കോട്ടയം: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രവും അടച്ചു. കോട്ടയം ഏറ്റുമാനൂരില്‍ മല്‍സ്യമാക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു മാര്‍ക്കറ്റും അടച്ചിരിക്കുകയാണ്.
മല്‍സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിലെത്തിക്കുന്ന മല്സ്യബോക്സുകള് ഇറക്കുന്ന രണ്ടുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കൊവിഡ് സെന്ററിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് അടച്ചു.
രോഗം സ്ഥിരീകരിച്ച കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകീട്ട് ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തി മരുന്നുവാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണമുണ്ടായിരുന്നില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. മല്‍സ്യമാര്‍ക്കറ്റില്‍ 48 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.