തിരുവനന്തപുരത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലുള്ള 15 പേര്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്.
തിരുവനന്തപുരം: തലസ്ഥാനത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കൊവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചതിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് തീരമേഖലയില്‍ മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവരുന്നത്. തിരുവനന്തപുരം പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്.
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. രോഗം സ്ഥീരികരിച്ച മൂന്നുപേരെയും കാര്യവട്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇതിന് പുറമെ ജില്ലയില്‍ ഒരു പോലിസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം റൂറല്‍ പരിധിയിലെ ടെലികമ്മ്യൂണിക്കേഷന്‍ എസ്‌ഐയ്ക്കാണ് വൈറസ് ബാധ. ഇദ്ദേഹം ധനുവച്ചപുരം നെടിയാംകോട് സ്വദേശിയാണ്.