വയനാട്ടില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് 13 പേരാണ്.
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കും തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ 55 കാരിക്കും മീനങ്ങാടി സ്വദേശിയായ 24 കാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബത്തേരി പൂളവയല്‍ പ്രദേശത്ത് താമസിക്കുന്ന മൂന്ന് ബംഗാളി സ്വദേശികള്‍ക്കും ഒരു ഒഡീഷ സ്വദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. തവിഞ്ഞാല്‍ സ്വദേശിയുടെ ഭര്‍ത്താവ് 18ന് ബംഗളൂരുവില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
കിഡ്നി രോഗിയായ ഇവര്‍ ഡയാലിസിസ് ചെയ്യുന്നതിനു വേണ്ടിയാണ് മെയ് 29ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ സാംപിളെടുത്ത് പരിശോധന നടത്തിയത്. മീനങ്ങാടി സ്വദേശി 24 കാരി ഗര്‍ഭിണി ആയതിനാല്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയപ്പോള്‍ 28ന് സാംപിള്‍ പരിശോധനയ്‌ക്കെടുക്കുകയായിരുന്നു. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് 13 പേരാണ്. രോഗം സംശയിക്കുന്നവര്‍ ഉള്‍പ്പെടെ ആകെ 22 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.