അങ്ങാടിപ്പുറം ബിവറേജ് ഗോഡൗണിലെ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പെരിന്തല്‍മണ്ണ ഔട്ട്ലെറ്റിലെ 13 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 23 മുതല്‍ 30 വരെ മദ്യം വാങ്ങിയവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ അങ്ങാടിപ്പുറത്തെ ഗോഡൗണിലെ ആറുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 30നാണ് പെരിന്തല്‍മണ്ണ ഔട്ട് ലെറ്റിലെ സുരക്ഷാജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ 12 പേര്‍ക്ക് കൂടി ഫലം പോസിറ്റിവായിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഗോഡൗണിലെ പത്തുപേരുടെ സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് ആറുപേര്‍ക്ക് പോസിറ്റീവായത്. കഴിഞ്ഞ ശനിയാഴ്ചയാണ് അങ്ങാടിപ്പുറം ബിവറേജസ് ഗോഡൗണ്‍ അവസാനമായി തുറന്നത്. തിങ്കളാഴ്ച മുതല്‍ അടച്ചിട്ടു.
ഗോഡൗണില്‍ 46 സ്ഥിരം ജീവനക്കാരും 28 ലോഡിങ് തൊഴിലാളികളുമുണ്ട്. ഇതിന് പുറമെ വിവിധ കമ്പനികളുടെ റെപ്രസന്റേറ്റീവുമാരായി നാല്‍പതോളം പേര്‍ സ്ഥിരമായി ഇവിടെയെത്തുന്നുമുണ്ട്. ഫലം പോസിറ്റീവായതോടെ ആറുപേരുടെയും സമ്പര്‍ക്കപട്ടിക വ്യാഴാഴ്ച ആരോഗ്യവിഭാഗം തയ്യാറാക്കി. പെരിന്തല്‍മണ്ണ ഔട്ട്ലെറ്റിലെ 13 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 23 മുതല്‍ 30 വരെ മദ്യം വാങ്ങിയവരോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്പെക്ടറാണ് നിര്‍ദേശം നല്‍കിയത്.