കൊവിഡ് പ്രതിരോധം: എറണാകുളത്ത് പുതിയതായി 45 സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കു കൂടി ചുമതല
നിലവില്‍ പ്രവര്‍ത്തിക്കുന്ന 119 ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണിത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം കടുപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു
കൊച്ചി: കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണം ശക്തമാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിച്ച് എറണാകുളം ജില്ലാ ഭരണകൂടം. വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം നടപ്പിലാക്കാനും കലക്ടര്‍ എസ് സുഹാസ് മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.45 ഉദ്യോഗസ്ഥരെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ് ചുമതല നല്‍കി അധികമായി നിയമിച്ചത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 119 ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണിത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം കടുപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. ഈ പ്രദേശങ്ങളിലെല്ലാം തന്നെ പരിശോധനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റ് 30 മുതല്‍ 40 വരെ പരിശോധനകള്‍ നടത്തണം. പൊതു ഇടങ്ങള്‍ , കച്ചവട സ്ഥാപനങ്ങള്‍, വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക , സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തുക, കടകളില്‍ സന്ദര്‍ശകരുടെ രജിസ്റ്ററുകള്‍ സൂക്ഷിക്കാതിരിക്കുക, റോഡില്‍ അലക്ഷ്യമായി തുപ്പുക തുടങ്ങിയ കുറ്റങ്ങള്‍ ഗൗരവത്തോടെ തന്നെ കൈകാര്യംചെയ്യണം.
കണ്ടെയ്ന്‍മെന്റ്് സോണുകളിലെ പരിശോധനകള്‍ കൂട്ടണം. ഇതില്‍ വിട്ടുവീഴ്ച അനുവദിക്കില്ല. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദര്‍ഹമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍ . അസിസ്റ്റന്റ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, എഡിഎം സാബു കെ.ഐസക് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.