കൊവിഡ് പ്രതിസന്ധി; സര്‍ക്കാര്‍ 1,000 കോടി കൂടി കടമെടുക്കുന്നു

ഏപ്രില്‍ മാസത്തെ ശമ്പളം, പെന്‍ഷന്‍ അടക്കമുളള ആവശ്യങ്ങള്‍ക്കാണ് കടപ്പത്രം വഴി പണം സ്വരൂപിക്കുന്നത്. ഇതിനായുള്ള ലേലം മെയ് അഞ്ചിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും.

Update: 2020-04-30 18:48 GMT

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. ഏപ്രില്‍ മാസത്തെ ശമ്പളം, പെന്‍ഷന്‍ അടക്കമുളള ആവശ്യങ്ങള്‍ക്കാണ് കടപ്പത്രം വഴി പണം സ്വരൂപിക്കുന്നത്. ഇതിനായുള്ള ലേലം മെയ് അഞ്ചിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫിസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. കടപ്പത്രം വഴി 1,000 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാംതവണയാണ് സര്‍ക്കാര്‍ കടമെടുക്കുന്നത്.

ഏപ്രിലില്‍ 6,000 കോടി രൂപ കടമെടുത്തിരുന്നു. ഇത് മുഴുവന്‍ തീര്‍ന്നു. 8.96 ശതമാനം പലിശയ്ക്കായിരുന്നു കടമെടുപ്പ്. ഉയര്‍ന്ന പലിശകാരണമാണ് ഇപ്പോള്‍ വായ്പ 1,000 കോടിയായി പരിമിതപ്പെടുത്തിയത്. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിലൂടെ ഒരുമാസത്തെ നേട്ടം 350 കോടി മാത്രമാണ്. ശമ്പളത്തിനും പെന്‍ഷനുമായി 3,500 കോടി വേണമെന്നിരിക്കെ കുറഞ്ഞത് 3,000 കോടി രൂപ കടമെടുക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് കേരളത്തിന്റെ സ്ഥിതി. മറ്റ് ചെലവുകള്‍ വേറെയുമുണ്ട്.

അഞ്ചുമാസം കൊണ്ട് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള മന്ത്രിസഭാ തീരുമാനം നേരിയ ആശ്വാസം മാത്രമാണ് സര്‍ക്കാരിന് നല്‍കുക. മാസം 350 കോടി വച്ച് 1,800 കോടിയോളമെത്തുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് താല്‍ക്കാലികാശ്വാസമാണെങ്കിലും ജീവനക്കാര്‍ക്ക് തിരികെ നല്‍കേണ്ട ഈ തുകയും കടമായി നിലനില്‍ക്കും. അത്യാവശ്യഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍നിന്ന് 2,100 കോടി വരെ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുക്കാന്‍ അവസരമുണ്ടെങ്കിലും മൂന്നാഴ്ചയ്ക്കുള്ളില്‍ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

Tags:    

Similar News