കൊവിഡ് രോഗി പെട്രോള്‍ അടിക്കാനെത്തി; ഇടുക്കിയിലെ പമ്പ് അടച്ചു
സ്ത്രീയുമായി ഇടപഴകിയ പമ്പ് ജീവനക്കാരോട് ക്വാറന്റൈനില്‍ പോവുന്നതിനും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സി ചാക്കോ പറഞ്ഞു.
ഇടുക്കി: കൊവിഡ് രോഗിയായ സ്ത്രീ പെട്രോളടിക്കാനെത്തിയതിനെ തുടര്‍ന്ന് മുട്ടം ടൗണിലെ പെട്രോള്‍ പമ്പ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അടപ്പിച്ചു. 16 ന് ഉച്ചയ്ക്ക് ശേഷമാണ് കോട്ടയം കടനാട് സ്വദേശിയായ സ്ത്രീ ഇരുചക്രവാഹനത്തിലെത്തി മുട്ടത്തെ പമ്പില്‍നിന്നും പെട്രോള്‍ നിറച്ചത്. ഇതിന് ശേഷം പണം നല്‍കി വണ്ടി മുന്നോട്ടെടുത്ത ഉടന്‍തന്നെ വാഹനം മറിഞ്ഞു. ഇത് കണ്ട പമ്പ് ജീവനക്കാര്‍ ഓടിയെത്തി സ്ത്രീയെ പിടിച്ചെഴുന്നേല്‍പ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.
മറിഞ്ഞുകിടന്ന വാഹനവും ജീവനക്കാര്‍തന്നെ നിവര്‍ത്തി നല്‍കി. 17 ന് വൈകീട്ട് ഇതേ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവാഹകയെത്തിയതായി അറിഞ്ഞതോടെയാണ് പമ്പ് തല്‍ക്കാലത്തേക്ക് അടച്ചിടുന്നതിന് നിര്‍ദേശം നല്‍കിയത്. സ്ത്രീയുമായി ഇടപഴകിയ പമ്പ് ജീവനക്കാരോട് ക്വാറന്റൈനില്‍ പോവുന്നതിനും നിര്‍ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സി ചാക്കോ പറഞ്ഞു.
അടച്ചിട്ടിരിക്കുന്ന പമ്പ് അണുവിമുക്തമാക്കിയ ശേഷം തുറക്കുന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്നും മെഡിക്കല്‍ ഓഫിസര്‍ സൂചിപ്പിച്ചു. പമ്പിലെത്തിയ രോഗവാഹകയായ സ്ത്രീ ക്വാറന്റൈന്‍ ലംഘനം നടത്തിയോയെന്നും സ്വാബ് കലക്ഷന് നല്‍കി റിസള്‍ട്ട് വരുന്നതിന് മുമ്പായി യാത്രചെയ്ത സാഹചര്യവും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.