കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ആറ്റിങ്ങലിലെ സിപിഎം എംഎല്‍എ ബി സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതാണ് കാരണം. എംഎല്‍എ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4,5 വകുപ്പുകള്‍ പ്രകാരം കേസെടുക്കുവാനാണ് നിര്‍ദ്ദേശം. ജൂണ്‍ 10ന് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചികുളം നവീകരണ ഉദ്ഘാടനം നടത്തിയെന്നാണ് പരാതി. ബി സത്യന് എംഎല്‍എ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക.