പ്ലാസ്മ ദാനംചെയ്ത് മാതൃകയായി കൊവിഡ് മുക്തരായ പരപ്പനങ്ങാടിയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍
കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ബിജു പാറോല്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ സിന്ദു പട്ടേരിവീട്ടില്‍, സിവില്‍ എക്സൈസ് ഓഫിസമാരായ സുഭാഷ്, പി അരുണ്‍ തുടങ്ങിയ അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ ദാനം ചെയ്തത്.
പരപ്പനങ്ങാടി: കഞ്ചാവ് കേസിലെ പ്രതിയില്‍നിന്ന് കൊവിഡ് ബാധിതരായ പരപ്പനങ്ങാടിയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ രോഗമുക്തരായപ്പോള്‍ പ്ലാസ്മ ദാനംചെയ്ത് മാതൃകയായി. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ബിജു പാറോല്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ സിന്ദു പട്ടേരിവീട്ടില്‍, സിവില്‍ എക്സൈസ് ഓഫിസമാരായ സുഭാഷ്, പി അരുണ്‍ തുടങ്ങിയ അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ ദാനം ചെയ്തത്.
ആഗസ്ത് മാസത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങലില്‍ കഞ്ചാവ് കേസില്‍ പിടിയിലായ ആളില്‍നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. എട്ടുപേര്‍ക്കാണ് അന്ന് രോഗം ബാധിച്ചത്. സപ്തംബര്‍ 2ന് പോസിറ്റീവായ ഇവര്‍ ജില്ലയിലെ വിവിധ എഫ്എല്‍ടിസികളില്‍ ചികില്‍സയിലായിരുന്നു. 12ന് ഇവര്‍ നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നേരത്തെയും രോഗമുക്തരായ എക്സൈസ് ജീവനക്കാര്‍ പ്ലാസ്മ ദാനം ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കേസുകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരവധി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 ശതമാനത്തോളം ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. പലരും ഇപ്പോഴും നിരീക്ഷണത്തിലാണ്. രോഗമുക്തരാവുന്ന മുറയ്ക്ക് കൂടുതല്‍ ജീവനക്കാര്‍ പ്ലാസ്മ ദാനത്തിന് തയ്യാറാവുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു.