ആന്റിജന്‍ പരിശോധന; പാറത്തോടില്‍ 49 ഫലങ്ങളും നെഗറ്റീവ്, സമ്പര്‍ക്കവ്യാപനം തടയാന്‍ കോട്ടയത്ത് ഊര്‍ജിതപ്രതിരോധം
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കുന്നതിന് റൂം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം.
കോട്ടയം: സമ്പര്‍ക്കം മുഖേന രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കൊവിഡ് പ്രതിരോധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സമ്പര്‍ക്കവ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ട പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍ രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അടിയന്തരനടപടികള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
രോഗവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിനായി പാറത്തോട് ഗ്രാമപ്പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് വിവിധ വിഭാഗങ്ങളിലുള്ള 49 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കൂടുതല്‍ പൊതുസമ്പര്‍ക്ക സാധ്യതയുള്ളവരെയാണ് ഇതിനായി പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 19 പേരുടെ സ്രവം ശേഖരിച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കയച്ചു.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പ്രതിരോധ -ചികില്‍സാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും സാംപിള്‍ ശേഖരണത്തിനും വകുപ്പ് നാട്ടുകാരുടെ സഹകരണം തേടി.
റൂം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കുന്നതിന് റൂം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണം.
60 വയസിനു മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും വീട്ടില്‍തന്നെ കഴിയണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വ്യാപാരസ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമ്പര്‍ക്ക രോഗവ്യാപനത്തിനെതിരെ ജില്ല നടത്തുന്ന പ്രയത്‌നങ്ങള്‍ വിജയിക്കുന്നതിന് പൊതുജനങ്ങളുടെ പൂര്‍ണസഹകരണം അനിവാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 13 സിഎഫ്എല്‍ടിസികള്‍
ജില്ലയില്‍ 13 പ്രാഥമിക ചികില്‍സാകേന്ദ്രങ്ങളിലായി 2110 ബെഡ്ഡുകളാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്. ഇതുവരെ ഇതില്‍ മൂന്നുകേന്ദ്രങ്ങളിലാണ് രോഗികളെ പ്രവേശിപ്പിച്ചു. 5,000 കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
സാധിക്കുമെങ്കില്‍ എല്ലാ പഞ്ചായത്തിലും ഒരു പ്രാഥമിക ചികില്‍സാകേന്ദ്രം വീതമെങ്കിലും ഒരുക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷ ദുരിതാശ്വാസ കേന്ദ്രങ്ങളായി നിര്‍ണയിക്കപ്പെട്ട കേന്ദ്രങ്ങളെ സിഎഫ്എല്‍ടിസികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.