കൊവിഡ് പ്രതിരോധം; പൂന്തുറയില്‍ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിച്ചു
തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹനനീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും.
തിരുവനന്തപുരം: പൂന്തുറ പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പോലിസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്പോണ്‍സ് ടീമിനെ രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്റര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനം. സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹനനീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും സംഘം നിരീക്ഷിക്കും.
പോലിസ്, ആരോഗ്യവകുപ്പ് എന്നിവയില്‍നിന്നും ഓരോ ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാവും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തുള്ള ആശുപത്രികള്‍ ഒരുകാരണവശാലും ചികില്‍സ നിഷേധിക്കാന്‍ പാടില്ല.
കൊവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാല്‍ അവരെ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണം. മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എടിഎം (രാവിലെ 10 മുതല്‍ 5 വരെ) എന്നിവ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പോലിസ് സുരക്ഷ നല്‍കാന്‍ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.