മതപരമായ ആഘോഷങ്ങളിൽ കൂടുതൽ ഇളവുകൾ; അങ്കണവാടികൾ തിങ്കളാഴ്ച മുതൽ

ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള മതപരമായ ഉൽസവങ്ങൾക്ക് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.

Update: 2022-02-11 15:59 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മതപരമായ വിവിധ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല തുടങ്ങിയ ചടങ്ങുകൾക്ക് ഇത് ബാധകമായിരിക്കും.

ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള മതപരമായ ഉൽസവങ്ങൾക്ക് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു. ഓരോ ഉത്സവത്തിനും പൊതുസ്ഥലത്തിന്റെ വിസ്തീർണമനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയ്ക്ക് കലക്ടർമാർ ആളുകളുടെ എണ്ണം നിശ്ചയിക്കണം.

ആറ്റുകാൽ പൊങ്കാല മഹോൽസവം വർഷത്തെപ്പോലെ വീടുകളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തേണ്ടതാണ്. മുൻകാലത്തേത് പോലെ റോഡുകളിൽ പൊങ്കാല അനുവദിക്കുന്നതല്ല.

72 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് മാസത്തിനുളളിൽ കൊവിഡ് പോസിറ്റീവായതിന്റെ രേഖ കയ്യിലുള്ള 18 വയസിനു മുകളിലുളളവർക്ക് മാത്രമേ ഈ ആഘോഷങ്ങളിലും ചടങ്ങുകളിലും പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങളില്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികൾക്ക് കുടുംബാഗങ്ങളോടൊപ്പം പങ്കെടുക്കാം.

ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും മാസ്ക് മുഴുവൻ സമയവും ഉപയോഗിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. ചടങ്ങുകളുടെ പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല. പൊതുപരിപാടികളുടെ സംഘാടകർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

ശബരിമല കുംഭ മാസപൂജ തീര്‍ഥാടനത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. നിര്‍ദേശങ്ങള്‍ പാലിച്ച് പ്രതിരോധ പ്രവര്‍ത്തികള്‍ സ്വീകരിച്ചും ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

തീര്‍ഥാടകര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണങ്ങളുള്ളവര്‍ തീര്‍ഥാടനം ഒഴിവാക്കണം.തീര്‍ഥാടന സമയത്ത് മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം.

അതിനിടെ, സംസ്ഥാന അങ്കണവാടികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കു ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്നാല്‍ കുട്ടികള്‍ക്കു പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Similar News