കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, മരുന്ന് വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങരുത്
തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലാണ് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലാണ് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരുന്ന് വാങ്ങാനല്ലാതെ ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. മരുന്നുകടകളില്‍പോവുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കുമെങ്കിലും വാങ്ങാന്‍ ആളുകള്‍ക്ക് അനുവാദമില്ല. പോലിസ് നല്‍കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കും. നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. നഗരത്തിലേക്കുള്ള പ്രവേശിക്കാനും പുറത്തേയ്ക്കിറങ്ങാനുമുള്ള ഒരുവഴിയൊഴിച്ച് മറ്റെല്ലാം അടയ്ക്കും. കെഎസ്ആര്‍ടിസി ഡിപ്പോ, സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. സെക്രട്ടേറിയറ്റും അടഞ്ഞുകിടക്കും. പോലിസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. അതേസമയം, എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടതികളില്‍ കേസ് പരിഗണിക്കുന്നത് മാറ്റി. ഒരാഴ്ചത്തേക്ക് കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. സമ്പര്‍ക്കരോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാന ഓഫിസില്‍ നാളെ മുതല്‍ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, പ്രമാണപരിശോധന, ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ഇന്റര്‍വ്യൂ (എറണാകുളത്തും കോഴിക്കോടുമുള്ള ഇന്റര്‍വ്യൂന് മാറ്റമില്ല) എന്നിവ മാറ്റിവച്ചു. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലിസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. അതേസമയം, തലസ്ഥാനത്ത് സമൂഹവ്യാപനസാധ്യത തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ മാത്രം ഇന്ന് മാത്രം 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 27 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോര്‍പറേഷന്‍ പരിധിയിലാണ് കൊവിഡ് വ്യാപനം ഏറെയും. മണക്കാട്, പൂന്തുറ മേഖലയിലാണ് സമ്പര്‍ക്കത്തിലൂടെ രോഗം വര്‍ധിക്കുന്നത്.
ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
സ്റ്റേറ്റ് പോലിസ് കണ്‍ട്രോള്‍ റൂം - 112
തിരുവനന്തപുരം സിറ്റി പോലിസ് കണ്‍ട്രോള്‍ റൂം- 0471- 2335410, 2336410, 2337410
സംസ്ഥാന പോലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471- 2722500, 9497900999
പോലിസ് ആസ്ഥാനത്തെ സ്റ്റേറ്റ് കൊവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112