കൊവിഡ് വ്യാപനം; കോട്ടയത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളജിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ വിതരണം

Update: 2021-04-28 13:53 GMT

തിരുവനന്തപുരം: രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയരുന്നത് കോട്ടയം ജില്ലയില്‍ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 71 പഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളുമുള്ള കോട്ടയത്ത് 58 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു മുകളിലാണ്. ഇതില്‍തന്നെ ഒരു പഞ്ചായത്തില്‍ അന്‍പതിനു മുകളിലും അഞ്ചിടത്ത് നാല്‍പ്പതിനും അന്‍പതിനും ഇടയിലുമാണ്. കോട്ടയത്ത് കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ആലപ്പുഴ ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്ക് അധികമായി 1527 കിടക്കകള്‍ കൂടി സജ്ജമാക്കി. ഇതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയ്യാറായി. ആലപ്പുഴയില്‍ കൊവിഡ് നിയന്ത്രണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ 390 അധ്യാപകരെക്കൂടി നിയോഗിച്ചു. 

തൃശൂര്‍ ജില്ലയിലെ 21 പഞ്ചായത്തുകളില്‍ 50 ശതമാനത്തിനു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി.

പത്തനംതിട്ട ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൂടുതലായി രോഗവ്യാപനം റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ജില്ലയില്‍ ഒരാഴ്ച്ചയ്ക്ക് ഉള്ളില്‍ പുതിയ അഞ്ച് സിഎഫ്എല്‍ടിസികള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും.

കൊല്ലം ജില്ലയില്‍ പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് ഭാഗമായി 93 സെക്ടറല്‍ ഓഫിസര്‍മാരെ അധികമായി നിയമിച്ചു.

വയനാട് ജില്ലയില്‍ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും. കര്‍ണാടകയില്‍ 27 ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി. പൊതുസ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുകയുള്ളൂ.

കാസര്‍കോട് ജില്ലയില്‍ കൊവിഡ് തീവവ്യാപനമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കത്തിനായി 59 വെന്റിലേറ്റര്‍, 114 ഐ സി യു ബെഡ്, 1101 ഓക്‌സിജന്‍ ബെഡ്, 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കും. ജില്ലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനായി ആവശ്യമെങ്കില്‍ 50 സെന്റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും.

തിരുവനന്തപുരം ജില്ലയില്‍ മാസ് വാക്‌സിനേഷന്‍ നടക്കുന്ന ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ അഞ്ചു സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പട്ടിക വര്‍ഗ്ഗ കോളനികളില്‍ സുരക്ഷ ഉറപ്പാക്കാനായി ടെസ്റ്റ്, വാക്‌സിനേഷന്‍ എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജന്‍വിതരണ സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ ബെഡിനും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്‍മ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി 554 കിടക്കകള്‍ക്കാണ് ഓക്‌സിജന്‍ പോയന്റുകളുള്ളത്. 200 എണ്ണം പുതുതായി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 400 കിടക്കകളിലാണ് ഈ സൗകര്യമുള്ളത്.

പാലക്കാട് ജില്ലയില്‍ അഞ്ച് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 14 സ്വകാര്യ ആശുപത്രികളിലായി 27 വെന്റിലേറ്ററുകള്‍, 98 ഐ.സി.യു ബെഡുകള്‍, 203 ഓക്‌സിജന്‍ ബെഡുകള്‍ എന്നിവയും സജ്ജമാണ്.

എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി കൂടുതല്‍ കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളില്‍ 228 ഐ.സി.യു കിടക്കുകളും സജ്ജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 539 ഓക്‌സിജന്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 3988 ഓക്‌സിജന്‍ കിടക്കകളും ലഭ്യമാണ്.

കണ്ണൂര്‍ ജില്ലയില്‍ പട്ടിക വര്‍ഗ മേഖലകളിലെ കൊവിഡ് പ്രതിരോധം കൂടുതല്‍ ഫലപ്രദമാക്കാനും ഈ ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക നോഡല്‍ ഓഫിസറെയും നിയോഗിച്ചു.

മലപ്പുറം ജില്ലയില്‍ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ചിന്നക്കനാല്‍, മാങ്കുളം, വട്ടവട, പെരുവന്താനം, ആലക്കോട്, രാജകുമാരി, വെള്ളത്തൂവല്‍, കോടിക്കുളം, പാമ്പാടുംപാറ എന്നീ പഞ്ചായത്തുകളിലാണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ അധികം ഉള്ളത്. നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഇവിടെ കൈക്കൊണ്ടു.

Tags:    

Similar News