കോട്ടയം മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും കൊവിഡ് പരിശോധന; പുതുതായി 40 വെന്റിലേറ്ററുകള്‍
അടുത്തയാഴ്ച ആര്‍എന്‍എ എക്സ്ട്രാക്ടര്‍ മെഷീന്‍ സജ്ജമാവുന്നതോടെ പ്രതിദിന പരിശോധന ആയിരം സാംപിളുകളായി ഉയരും.
കോട്ടയം: മെഡിക്കല്‍ കോളജില്‍ കൊവിഡ് സാംപിള്‍ പരിശോധനാ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രതിദിനം അഞ്ഞൂറോളം സാംപിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്. അടുത്തയാഴ്ച ആര്‍എന്‍എ എക്സ്ട്രാക്ടര്‍ മെഷീന്‍ സജ്ജമാവുന്നതോടെ പ്രതിദിന പരിശോധന ആയിരം സാംപിളുകളായി ഉയരും. ഇതിന് അധികമായി വേണ്ട ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പിന്റെ കീഴിലാണ് ഏപ്രില്‍ 24 മുതല്‍ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
കൊവിഡ് ബാധിച്ച് ഗുരുതര നിലയിലാവുന്നവരുടെ വിദഗ്ധചികില്‍സയ്ക്കായി പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ വെന്റിലേറ്ററുകള്‍ സജ്ജീകരിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു.
ജൂലൈ 11നാണ് 40 വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കൈമാറിയത്. ഇവ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പരിശീലനം നല്‍കുന്നതിനും നിയോഗിക്കപ്പെട്ട കമ്പനിയുടെ നേതൃത്വത്തില്‍ നടപടികള്‍ ജൂലൈ 15ന് ആരംഭിച്ചിരുന്നു. പരിശീലനവും ഇന്‍സ്റ്റലേഷന്‍ നടപടികളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെന്റിലേറ്ററുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.