കൊവിഡ് പരിശോധന: വിമാനത്താവളങ്ങളിലെ പകല്‍കൊള്ള അവസാനിപ്പിക്കുക- അജ്മല്‍ ഇസ്മാഈല്‍

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വാക്കുകള്‍ ആത്മാര്‍ഥമാണെങ്കില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനകള്‍ സൗജന്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.

Update: 2021-02-24 07:30 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണ നടപടികളുടെ പേരില്‍ വിമാനത്താവളങ്ങളില്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍. പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വാക്കുകള്‍ ആത്മാര്‍ഥമാണെങ്കില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനകള്‍ സൗജന്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. പരിശോധനയുടെ പേരില്‍ വിമാനത്താവളങ്ങളില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നത്.

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ പരിശോധനയ്ക്ക് സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവര്‍ ഒരു ടെസ്റ്റിന് 1700 രൂപയാണ് ഈടാക്കുന്നത്. പ്രവാസികള്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് വിമാനത്താവളത്തിലെത്തുന്നത്. ഇത് കൈവശമുള്ളപ്പോള്‍ തന്നെയാണ് വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം 1700 രൂപ മുടക്കി വീണ്ടും പരിശോധന നടത്തേണ്ടിവരുന്നത്. പിന്നീട് വീട്ടിലെത്തി മൂന്നുദിവസം കഴിഞ്ഞ് വീണ്ടും പരിശോധനക്ക് വിധേയമാവണം.

ഫലത്തില്‍ ഒരാഴ്ചയ്ക്കകം മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് പ്രവാസികള്‍ നടത്തേണ്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജോലിയും കൂലിയുമില്ലാതെ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും കാരുണ്യത്തില്‍ മാസങ്ങളോളം കഴിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളാണ് ഏറെയും. അവരെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും അത് അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News