ബാലികയെ പീഡിപ്പിച്ച കേസില്‍ പത്മരാജന് ജാമ്യം: നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി- എസ്ഡിപിഐ

മുഖ്യമന്ത്രി പിണറായി വിജയനും സംഭവം നടന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും കേരളത്തെ ലോകത്തിനു മുന്നില്‍ അവഹേളിച്ചിരിക്കുകയാണ്.

Update: 2020-07-16 14:28 GMT

തിരുവനന്തപുരം: കണ്ണൂര്‍ പാനൂരിനു സമീപം പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് സര്‍ക്കാര്‍-പോലിസ്- ബിജെപി ഒത്തുകളിയിലൂടെ ജാമ്യം ലഭിക്കാനിടയായത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ഇന്നലെ വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നടത്തിയ മറുപടി തന്നെ പോലിസ് പ്രതികള്‍ക്ക് അനുകൂല സമീപനം സ്വീകരിച്ചു എന്നതിന്റെ സൂചനയുണ്ട്.

പോക്സോ വകുപ്പുകള്‍ ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ബാലികയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ നടത്തിയ ആസൂത്രിതനീക്കം ലജ്ജാകരമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംഭവം നടന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും കേരളത്തെ ലോകത്തിനു മുന്നില്‍ അവഹേളിച്ചിരിക്കുകയാണ്.

സ്വന്തം വിദ്യാര്‍ഥിയെ പീഢിപ്പിച്ച നരാധമനെ സംരക്ഷിക്കാന്‍ നടത്തിയ ഹീനമായ ശ്രമത്തിന് സര്‍ക്കാരും സിപിഎമ്മും ജനങ്ങളോട് മറുപടി പറയേണ്ടിവരും. ചരിത്രത്തില്‍ ഇന്നുവരെ നടക്കാത്ത തരത്തിലുള്ള അന്തര്‍നാടകങ്ങളാണ് അനാഥബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിനെ രക്ഷിക്കാന്‍ സര്‍ക്കാരും പോലിസും നടത്തിയത്. പിണറായി സര്‍ക്കാര്‍ പീഡകര്‍ക്കൊപ്പമെന്ന് വ്യക്തമാക്കുന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ സമൂഹം തയ്യാറാവണമെന്നും അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ഥിച്ചു. 

Tags:    

Similar News