പാലത്തായി ബാലികാ പീഡനക്കേസില്‍ പുനരന്വേഷണം നടത്തണം; ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, അഡ്വ.ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇരയെ സന്ദര്‍ശിച്ചു
കണ്ണൂര്‍: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാപീഡനക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, അഡ്വ. ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. പാലത്തായിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിനുശേഷം പാനൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പോലിസ് അന്വേഷണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കൗണ്‍സിലേഴ്‌സ് കുട്ടിയെ പീഡിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒമ്പതുവയസുള്ള കുട്ടിക്ക് താങ്ങാനാവാത്ത തരത്തിലുള്ള ചോദ്യങ്ങളും അശ്ലീലങ്ങളുമാണ് കൗണ്‍സിലേഴ്‌സ് ചോദിച്ചത്.
പോലിസ് മുറയിലുള്ള ചോദ്യങ്ങള്‍ കുട്ടിയെ ഏറെ തളര്‍ത്തിയിരിക്കുകയാണ്. പോലിസിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് കൗണ്‍സിലേഴ്‌സ് പെരുമാറിയത്. കുട്ടിയെ വീണ്ടും പീഡിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് കൗണ്‍സിലേഴ്‌സ് നടത്തിയതെന്ന് നേരിട്ട് സംസാരിച്ചപ്പോള്‍ മനസ്സിലായി. കൃത്യമായ രീതിയിലുള്ള അട്ടിമറിയാണ് പോലിസ് നടത്തിയതെന്നും ഷാനിമോള്‍ കുറ്റപ്പെടുത്തി. കുട്ടിക്ക് സാമ്പത്തികസഹായം നല്‍കണമെന്ന ബാലാവകാശ കമ്മീഷന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍, കുട്ടിക്ക് നീതി ലഭ്യമാക്കാനാണ് ബാലാവകാശ കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നായിരുന്നു ഷാനിമോളുടെ മറുപടി. സാമ്പത്തിക സഹായത്തേക്കാള്‍ ഉപരിയായി കുട്ടിക്ക് നീതി നടപ്പാക്കിക്കൊടുക്കുകയെന്നതാണ് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെടേണ്ടത്.
ബാലാവകാശ കമ്മീഷനിലെ അംഗങ്ങള്‍ അടക്കം ഏതുരീതിയിലുള്ളവരാണെന്നും അവരുടെ ക്രിമിനല്‍ പശ്ചാത്തലം എന്താണെന്നും കേരളം ചര്‍ച്ച ചെയ്തതാണ്. ഇത്തരത്തില്‍ പീഡനത്തിനിരയായ കുട്ടിയുടെ മനസ് ശരിയാക്കിയെടുക്കുകയും നീതിക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇറങ്ങിത്തിരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. 2020 ജനുവരി 20ന് പീഡനക്കേസ് പുറത്തുവന്നിട്ടും ശിശുക്ഷേമ വകുപ്പിന്റെ കൂടി ഉത്തരവാദിത്തമുള്ള മന്ത്രി കുട്ടിയെ നേരില്‍ കാണാനോ വിളിപ്പിച്ച് കാണാനോ തയ്യാറാവാതിരുന്നതിലെ നിഗൂഢതയെ സംശയിക്കുകയാണ്.
കുട്ടിയുടെ തുടര്‍പഠനത്തിന് വീട്ടുകാരുമായി ആലോചിച്ച് അതിനുള്ള സംവിധാനവുമായി മുന്നോട്ടുപോവുമെന്നും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, വി സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ, കണ്ണൂര്‍ മുന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, പാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഇ കെ സുവര്‍ണ, വൈസ് ചെയര്‍മാന്‍ കെ വി റംല ടീച്ചര്‍, ഡിസിസി സെക്രട്ടറി കെ പി സാജു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിം, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ വള്ളിയായി, കൗണ്‍സിലര്‍ നിഷിത ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി കെ ഷിബിന എന്നിവര്‍ അടങ്ങുന്ന സംഘമാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചത്.