പാലത്തായി പീഡനക്കേസ്: പത്മരാജനെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരവകുപ്പും സംഘപരിവാറും തമ്മില്‍ ഡീല്‍ നടത്തിയെന്ന് ശ്രീജ നെയ്യാറ്റിന്‍കര

ആ ഡീല്‍ നടന്നത് എകെജി സെന്ററിലാണോ, മാരാര്‍ജി ഭവനിലാണോ അതോ സെക്രട്ടേറിയറ്റിലാണോ എന്ന് വ്യക്തമാക്കണം. പാലത്തായി പീഡനക്കേസില്‍ കേരളത്തിലെ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

Update: 2020-09-07 15:45 GMT

തിരുവനന്തപുരം: ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനകേസ് അട്ടിമറിക്കെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ കാംപസ് ഫ്രണ്ട് വിദ്യാർത്ഥി വിചാരണ സംഘടിപ്പിച്ചു. പാലത്തായി പോക്സോ കേസ് അന്വേഷണം ആരംഭിച്ചത് മുതൽ പത്മരാജനെ രക്ഷിക്കാനാണ് ആഭ്യന്തര വകുപ്പും പോലിസും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേയാണ് പെൺകുട്ടികളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ വിദ്യാർഥി വിചാരണ നടത്തിയത്‌. സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര വിദ്യാർത്ഥി വിചാരണ ഉദ്ഘാടനം ചെയ്തു.


പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജനെ രക്ഷപ്പെടുത്താൻ ആഭ്യന്തര വകുപ്പും സംഘപരിവാറും തമ്മിൽ ഡീൽ നടത്തിയെന്ന് ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു. ആ ഡീൽ നടന്നത് എകെജി സെൻ്ററിലാണോ, മാരാർജി ഭവനിലാണോ അതോ സെക്രട്ടേറിയറ്റിലാണോ എന്ന് വ്യക്തമാക്കണം. പാലത്തായി പീഡനക്കേസിൽ കേരളത്തിൻ്റെ സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ബിജെപി നേതാവായ പത്മരാജനെ രക്ഷിക്കാൻ പോക്സോ വകുപ്പുകളെ അട്ടിമറിച്ച് ദുർബലമായ വകുപ്പ് എഴുതിച്ചേർത്തു. സ്ത്രീ സുരക്ഷ പ്രകടനപത്രികയിൽ എഴുതി വച്ച പിണറായി വിജയൻ സർക്കാരിന് പത്ത് വയസായ കുട്ടിക്ക് നീതി കൊടുക്കാൻ കഴിയുന്നില്ല. മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തലചൊറിയരുത്. പാലത്തായി നീതി നിഷേധത്തിന് ആഭ്യന്തര മന്ത്രി ചൂട്ടുപിടിക്കുകയാണ്. ആർ എസ് എസുമായുള്ള സഹകരണത്തിലാണ് കേസ് നടപടികൾ മുന്നോട്ടു പോകുന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രി സംഘപരിവാറിൻ്റെ കാല് തിരുമ്മിക്കൊടുത്ത് കേരള സമൂഹത്തെ അധിക്ഷേപിക്കുകയാണ്. ഈ കേസിൽ സമഗ്രമായ പുനരന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി സ്ത്രീകൾ തെരുവിലിറങ്ങുമെന്നും ശ്രീജ മുന്നറിയിപ്പ് നൽകി.


കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി ഫാത്തിമ ഷെറിൻ അധ്യക്ഷത വഹിച്ചു. വിമൺ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ ട്രഷറർ സബീന ലുക്മാൻ, നാഷനൽ വിമൻസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷജീല, കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡൻ്റ് ഐഫ കബീർ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നാടകം, പ്രതിഷേധ പാട്ട്, തൽസമയ ചിത്രരചന തുടങ്ങിയവ സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ സെബാ ഷെറിൻ, ഫർസാന ജലീൽ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

Similar News