പിണറായി ആഭ്യന്തര വകുപ്പ് ഒഴിയുക; തിങ്കളാഴ്ച സെക്രട്ടേറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും എസ്ഡിപിഐ മാര്‍ച്ച്

Update: 2024-09-06 11:27 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക/പീഡനക്കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്തംബര്‍ മ്പതിന് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പിണറായി-പോലിസ്-ആര്‍എസ്എസ് മാഫിയ കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നത്. പരാതിക്കാരിയായ വീട്ടമ്മയെ ഉന്നത പോലിസുദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്തകേട്ട് മനുഷ്യത്വമുള്ളവര്‍ ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുകയാണ്. ഇരകള്‍ പലരും രംഗത്തുവരാത്തത് ഭയം കൊണ്ടാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അധോലോകത്തെ വെല്ലുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഭരണകക്ഷി എംഎല്‍എ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തിയത്. സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് പോലിസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെട്ടിരിക്കുന്നു. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതും പാലക്കാട് നടന്ന ഉന്നത ആര്‍എസ്എസ് ക്യാംപില്‍ അഭിവാദ്യം അര്‍പ്പിച്ചതും സമീപകാലത്തു നടന്ന പോലിസ് അതിക്രമങ്ങളും വിവേചനങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. മലപ്പുറത്തെ ഭീകര ജില്ലയായി ചിത്രീകരിക്കാനുള്ള ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ എസ്പിയായിരുന്ന സുജിത് ദാസ് നടത്തിയ നിയമവിരുദ്ധ ഇടപെടലുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന മുഖ്യമന്ത്രിക്ക് സ്വന്തം കുടുംബത്തിന്റെ സംരക്ഷണം മാത്രമാണ് ലക്ഷ്യം. സംസ്ഥാന ആഭ്യന്തര വകുപ്പിനെ ആര്‍എസ്എസ് നിയന്ത്രണത്തില്‍ നിന്നു മോചിപ്പിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Tags:    

Similar News