പാലത്തായി ബാലികാപീഡനം: ക്രൈംബ്രാഞ്ച് അട്ടിമറി അക്കമിട്ടുനിരത്തി ഹൈക്കോടതിയില്‍ മാതാവിന്റെ ഹരജി

പുതിയ സംഘം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇരയുടേതെന്ന പേരില്‍ കോടതിയില്‍ നല്‍കിയത് അന്വേഷണസംഘം തയ്യാറാക്കിയ മൊഴികളാണ്. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാഫലവും സഹപാഠിയുടെ രഹസ്യമൊഴിയും അന്തിമറിപോര്‍ട്ടിലില്ല

Update: 2020-10-13 12:37 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ കൂടുതല്‍ നീക്കങ്ങള്‍ പുറത്തുവന്നു. കേസന്വേഷണം ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍നിന്നും പരിപൂര്‍ണമായി മാറ്റി ഐജി റാങ്കില്‍ കുറയാത്ത പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് നടത്തിയ അട്ടിമറിശ്രമങ്ങള്‍ അക്കമിട്ടുനിരത്തുന്നത്.

ഹരജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഈമാസം 20ന് വീണ്ടും പരിഗണിക്കും. അതിനിടയില്‍ അന്തിമറിപോര്‍ട്ട് നല്‍കില്ലെന്ന് പോസിക്യൂട്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇരയുടെ മൊഴിയുള്‍പ്പെടെയുള്ള രേഖകളില്‍ പ്രതിക്കനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമത്വം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് ഹരജിയിലെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതിക്കനുകൂലമായ സമീപനം സ്വീകരിക്കുകയും ഇരയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തത് സംബന്ധിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്ന പല മൊഴികളും കുട്ടി പറഞ്ഞതല്ല. ക്രൈംബ്രാഞ്ച് അഞ്ച് മൊഴികളാണ് റിപോര്‍ട്ടിനൊപ്പം നല്‍കിയത്. 2020 മാര്‍ച്ച് 21ന് കുട്ടിയുടെ മൊഴിയെടുത്തതായി പറയുന്നു. എന്നാല്‍, അന്ന് അങ്ങനെയൊരു മൊഴി കുട്ടി നല്‍കിയിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. ഇത് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഇരയുടെ മൊഴിയെടുക്കുമ്പോള്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന നിയമവും അന്വേഷണ ഉദ്യോഗസ്ഥര്‍ പാലിച്ചിട്ടില്ല. 30-03-2020, 13-07-2020 തിയ്യതികളിലെ മൊഴിയില്‍ കുട്ടി പറയാത്ത കാര്യങ്ങളാണുള്ളത്. ഈ മൊഴികളെ അടിസ്ഥാനമാക്കിയാണ് അന്വേഷണസംഘത്തലവന്‍ സോഷ്യല്‍ മീഡിയയിലൂടെ കേസുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തിയത്.

24-04-2020ലാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണമേറ്റെടുക്കുന്നത്. 13-07-2020ല്‍ ഒരുമൊഴി പോലും അദ്ദേഹമെടുത്തിട്ടില്ല. ആ സാഹചര്യത്തിലാണ് മൊഴികളില്‍ അവ്യക്തതയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രീജിത്ത് പ്രചരിപ്പിച്ചത്. അതേ ഓഫിസറാണ് ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു. കോടതിയില്‍ റിപോര്‍ട്ട് കൊടുക്കുന്നതിന് തൊട്ടുമുമ്പായെടുത്ത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെയെല്ലാം മൊഴികളില്‍ പ്രതിയെ സഹായിക്കാനുളള കാര്യങ്ങളാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഈ കേസിന്റെ അന്വേഷണത്തില്‍ ഇത്തരമൊരു മൊഴിയെടുക്കലിന് യാതൊരു പ്രസക്തിയുമില്ലാത്തതാണ്.

പീഡനത്തിനിരയായെന്ന് കുട്ടി പറയുന്ന തിയ്യതികളില്‍ പ്രതിയായ അധ്യാപകന്‍ സ്‌കൂളില്‍ വന്നിട്ടില്ലെന്നും സിഎഎ പോലുള്ള വിഷയങ്ങളില്‍ പിടിഎക്കാര്‍ക്ക് അധ്യാപകനോട് എതിര്‍പ്പുണ്ടെന്ന് ധരിപ്പിക്കുന്ന തരത്തിലുമാണ് ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തിരിക്കുന്നത്. കുട്ടികളെ അധ്യാപകന്‍ മര്‍ദിക്കുമായിരുന്നുവെന്നും അതുകൊണ്ട് കുട്ടികള്‍ക്കൊക്കെ അധ്യാപകനോട് എതിര്‍പ്പുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍വേണ്ടിയാണ് മറ്റ് വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യം പീഡനം നടക്കുന്ന ദിവസം ശുചിമുറിയിലേക്ക് പോവുന്ന സമയത്ത് ഒപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. സെക്ഷന്‍ 164 പ്രകാരം ഈ കുട്ടിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍, അന്തിമറിപോര്‍ട്ടില്‍ ഈ രഹസ്യമൊഴി ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, സ്വകാര്യചാനലിന് രഹസ്യമൊഴി നല്‍കിയ വിദ്യാര്‍ഥിനി കൊടുത്ത പ്രതികരണത്തിന്റെ വീഡിയോ ക്ലിപ്പ് ഹരജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നതിന്റെ പിറ്റേദിവസം നടത്തിയ മെഡിക്കല്‍ പരിശോധനാ ഫലം റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയോ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷിയാക്കുകയോ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ല. സെഷന്‍സ് കോടതി ഇക്കഴിഞ്ഞ ജൂലൈ 22ന് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല. കുട്ടിയെ സഹായിക്കുന്നതിനുവേണ്ടിയെന്ന് പറഞ്ഞ് നിയോഗിച്ച കൗണ്‍സിലര്‍മാര്‍ മോശമായ രീതിയിലാണ് പെരുമാറിയത്. ഇത്തരത്തില്‍ മൊഴി നല്‍കിയാല്‍ അധ്യാപകനെ ബാധിക്കുമെന്ന് പറഞ്ഞ് കുട്ടിയെ സമ്മര്‍ദത്തിലാക്കി. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മറുപടിയുണ്ടായില്ല.

ഐജി ശ്രീജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ടും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ഏപ്രില്‍ 24ന് അന്വേഷണം ഏറ്റെടുത്ത സംഘം ഒമ്പതാമത്തെ ദിവസമാണ് പ്രതിയെ അറസ്റ്റുചെയ്യുന്നത്. ഇതുവരെ അന്വേഷണസംഘം പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. പ്രതി പത്മരാജന്‍ അറസ്റ്റിലായി 83ാം ദിവസമായ ജൂലൈ എട്ടിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ ഇത് ഗൗരവമായ കേസാണെന്നും സ്‌കൂളിന്റെ മറവിലാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നതെന്നും അധ്യാപകന്‍ നിരപരാധിത്വം തെളിയിക്കേണ്ടത് വിചാരണസമയത്താണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഹൈക്കോടതി ഉത്തരവ് വന്ന് ഏഴാംദിവസം പ്രതിയെ എല്ലാ കുറ്റങ്ങളില്‍നിന്നും മുക്തനാക്കിയുള്ള റിപോര്‍ട്ട് പോക്സോ കോടതിയില്‍ നല്‍കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്തത്. ഇതോടെ പോക്സോയും ഐപിസി വകുപ്പുകളും ഒഴിവാക്കി. ഭാഗികറിപോര്‍ട്ട് നല്‍കി സ്വാഭാവികജാമ്യം ലഭിക്കുന്നതിനുള്ള സാഹചര്യമാണ് അന്വേഷണസംഘം ഒരുക്കിക്കൊടുത്തത്. കേസില്‍ തുടരന്വേഷണമാവശ്യപ്പെട്ട് പോക്സോ കോടതിയില്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയിലും അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പോക്സോ നിയമപ്രകാരം ഇരയുടെ മൊഴി റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ പരിശോധനാഫലം റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വനിതാ ഐപിഎസ് ഓഫിസര്‍ മൊഴിയെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ തെറ്റുകള്‍ തിരുത്തുന്നതിനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നു. ഹരജിഭാഗത്തിന് വേണ്ടി അഡ്വ.സൂരജ് ഇലഞ്ഞിക്കല്‍, അഡ്വ.മുഹമ്മദ് ഷാ, അഡ്വ. മുഹമ്മദ് ജനൈസ്, അഡ്വ.ഹനീഫ് എന്നിവര്‍ ഹാജരായി.

Tags:    

Similar News