കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിന് സാധ്യത പരിശോധിക്കുന്നു; വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍

Update: 2021-05-21 14:10 GMT

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം കേരളത്തില്‍ സംഘടിപ്പിക്കാന്‍ വാക്‌സിന്‍ ഉല്‍പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാംപസില്‍ വാക്‌സിന്‍ കമ്പനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ധര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെബിനാര്‍ നടത്തി ഇതില്‍ ധാരണയിലെത്തും.

മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കൊവിഡ് ചികില്‍സയ്ക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൊവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. അമിതമായി ഗുരുരമല്ലാത്ത കൊവിഡ് രോഗികളുടെ ഓക്‌സിന്‍ ആശ്രയത്വം കുറക്കാന്‍ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ജൂണില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാക്ക് ഫംഗസ് ചികില്‍സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍പെടുത്തും. വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോവുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും.

വിദേശത്ത് പോവുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കൊവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ തൊഴില്‍ സ്ഥാപനങ്ങളും വലിയ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണം. എസി സ്ഥാപിക്കുന്നതിനു വേണ്ടി തയ്യാറാക്കപ്പെട്ട മുറികളില്‍ പലപ്പോഴും ആവശ്യത്തിന് വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എസി പ്രവര്‍ത്തിപ്പിക്കാതെ ഇരുന്നതുകൊണ്ട് മാത്രം കാര്യമുണ്ടാകില്ല.

അതോടൊപ്പം ഫാനുകളും വായു പുറന്തള്ളാന്‍ സഹായിക്കുന്ന എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ കാലത്തൊക്കെ പ്രവര്‍ത്തിക്കേണ്ടിവരുന്ന, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ പ്രായോഗികമല്ലാത്ത മാധ്യമസ്ഥാപനങ്ങള്‍ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇപ്പോള്‍ തടസ്സമില്ല. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

അന്തര്‍സംസ്ഥാന ഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. കൊവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ പറത്തുപോകാതെ നോക്കുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News