പൂജപ്പുര സെൻട്രൻ ജയിലിൽ 218 പേർക്ക് കൊവിഡ്: തടവുകാരും ജീവനക്കാരും ആശങ്കയിൽ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേർക്ക്
അന്തേവാസികളിൽ ഒരാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും പരിശോധന നടത്താൻ തീരുമാനമായത്.
തിരുവനന്തപുരം: ആൻ്റിജൻ പരിശോധനയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 തടവുകാരും രണ്ടു ജയിൽ ജീവനക്കാരും ജയിൽ ഡോക്ടറുമാണു ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇതുവരെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
പുതുതായി ജയിലിലേക്കു കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജയിലിനുള്ളിൽ രോഗം പടരാനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ അന്തേവാസികളിൽ ഒരാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും പരിശോധന നടത്താൻ തീരുമാനമായത്.
കുറ്റവാളികൾക്ക് പുറമേ ഒരു അസിസ്റ്റന്റ് പ്രിസണ് ഓഫീസർക്കും കഴിഞ്ഞ ദിവസം രോ സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ജയിലിൽ നിന്നു തന്നെ ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികൾക്കും രോ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ജയിൽ ആസ്ഥാനം മൂന്നു ദിവസത്തേക്ക് അടച്ചിടാൻ ജയിൽ ഡിജിപി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം 99 പേരിൽ പരിശോധന നടത്തിയപ്പോൾ 59 പേർക്കും തൊട്ടുപിന്നാലെ 100 പേരിൽ പരിശോധന നടത്തിയപ്പോൾ 42 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 163 പേരെ പരിശോധിച്ചതിലാണ് 63 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രമുള്ള 975 അന്തേവാസികൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഇതിനോടൊപ്പം തന്നെ ജയിലിലെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശോധന നടത്താൻ തീരുമാനമായിട്ടുണ്ട്. നാലു ദിവസമായി ജയിലിൽ ആൻ്റിജൻ പരിശോധന നടത്തിവരികയാണ്.