എഴുപതുകളിലെ ഐക്യമുന്നണി ഉണ്ടാവണം; സിപിഐ പങ്കാളികളാവണമെന്നും ചെറിയാൻ ഫിലിപ്പ്

എഴുപതുകളിൽ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സിപിഐ എൺപതിൽ സിപിഎം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായത്.

Update: 2022-01-04 10:41 GMT

തിരുവനനന്തപുരം: കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സിപിഎമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജന പിന്തുണയും സിപിഐയ്ക്കാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ പ്രതികരണം.

കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികൾ അംഗമാകണമെന്നും എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. സിപിഐയുടെ ശക്തി ശോഷിച്ചത് സിപിഎം മുന്നണിയിൽ ചേർന്നപ്പോഴാണെന്നും അദ്ദേഹം പറയുന്നു.

ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണം. കോൺഗ്രസും സിപിഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 111 നിയമസഭാ സീറ്റും 20 ലോക്സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്. എഴുപതുകളിൽ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സിപിഐ എൺപതിൽ സിപിഎം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സിപിഎമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജ പിന്തുണയും സിപിഐക്കാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം പുറത്ത് വരുന്നത്. 

Similar News