സര്‍ക്കാരിനെതിരേ നാളെ സിപിഐ സംഘടനയുടെ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
ധനവകുപ്പ് റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്ന് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് റവന്യൂവകുപ്പിലെ സിപിഐ അനുകൂലസംഘടനയായ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെആര്‍ഡിഎസ്എ)യുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. ധനവകുപ്പ് റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്ന് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അതേസമയം, സിപിഐ സംഘടനയുടെ പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ നാളെ ജോലിക്ക് ഹാജരാവാത്തവര്‍ക്ക് ശമ്പളം ലഭിക്കില്ല. ധനവകുപ്പിനെതിരേ നടത്തുന്ന പണിമുടക്കിന് ഒരുമാസം മുമ്പ് നോട്ടീസ് നല്‍കിയതാണ്. സമരം ചെയ്യുന്ന ജീവനക്കാര്‍ നാളെ ഓഫിസിനു മുന്നില്‍ പ്രകടനം നടത്തുമെന്ന് സ്റ്റാഫ് അസോസിയേഷന്‍ അറിയിച്ചു.
വില്ലേജ് ഓഫിസുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുക, വില്ലേജ് ഓഫിസര്‍ പദവിയുയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, റവന്യൂ വകുപ്പിനോടുള്ള വിവേചനം അവസാനിപ്പിക്കുക, ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യുക എന്നീ ആവശ്യങ്ങളും സമരാനുകൂലികള്‍ മുന്നോട്ട് വയ്ക്കുന്നു. വില്ലേജ് ഓഫിസുകളുടെയും കലക്ടറേറ്റുകളുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന്റെയും പ്രവര്‍ത്തനം പണിമുടക്കില്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. റവന്യൂ വകുപ്പ് സിപിഐ ഭരിക്കുമ്പോഴാണ് വകുപ്പിലെ ജീവനക്കാര്‍തന്നെ സമരരംഗത്തിറങ്ങുന്നുവെന്നതാണ് മറ്റൊരു വസ്തുത.