ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂവകുപ്പ് സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കുന്നു
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. അധിക വിസ്തീര്‍ണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് വഴി സാധിക്കും. ലാന്‍ഡ് റീസര്‍വ്വേയുമായി ബന്ധപ്പെട്ട പരാതികളില്‍ 60 ശതമാനവും ഭൂമിയുടെ വിസ്തീര്‍ണവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാനും പദ്ധതിയുണ്ട്. കൂടാതെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു പുതിയ നയം അവതരിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടാമത് ജില്ലാ റവന്യൂ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 54,000 പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മലയോര ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിനാണ് വകുപ്പ് ശ്രദ്ധ കൊടുക്കുക. ഇതിനായി പ്രത്യേക ഫോഴ്‌സ് രൂപീകരിച്ചുകൊണ്ട് മാര്‍ച്ച് മാസത്തിനുള്ളില്‍ പട്ടയവിതരണം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ റവന്യൂവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള കാലയളവില്‍ നടപ്പാക്കാവുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം വിളിച്ചു കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡെപ്യൂട്ടി കളക്ടര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി നിയമിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂമിയില്ലാത്തവരെ കണ്ടെത്തി മണ്ഡലത്തില്‍ എവിടെയെങ്കിലും ഭൂമി ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഗ്രാമസഭകളിലേക്ക് പ്രത്യേകം ട്രെയിനര്‍മാരെ അയച്ച് പരിശീലനം നല്‍കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.