സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ്; മുഖ്യമന്ത്രി ഡിസിപിയോട് വിശദീകരണം തേടി
പോലിസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തിരഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫിസില്‍ പോലിസ് പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്രാ തെരേസ ജോണിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വിശദീകരണം തേടി. സംഭവത്തെ കുറിച്ച് കമ്മീഷണര്‍ അന്വേഷിക്കും. ജില്ലാ സെക്രട്ടറി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. നേരത്തേ പരിശോധനയേക്കുറിച്ച് ഡിജിപി ലോക്‌നാഥ് ബൈഹ്‌റയും ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയിരുന്നു. പോലിസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തിരഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫിസില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. ഇന്നലെ അര്‍ധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. പ്രതികളിലൊരാളെ ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജ് പോലിസ് പിടികൂടിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ പോലിസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ക്കായ് രാത്രി 11.30ഓടെയാണ് പോലിസ് സംഘം സിപിഎം ജില്ലാ കമ്മറ്റി ഓഫിസിലെത്തിയത്. ഓഫിസ് സെക്രട്ടറി അടക്കം കുറച്ചുപേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫിസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. ഡിസിപി തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു പോലിസ് സംഘമെത്തിയത്. ഇന്നലെ ഉച്ചയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിച്ചില്ലെന്നാരോപിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനു നേരെ കല്ലെറിഞ്ഞത്. കേസില്‍ ആകെ 26 പ്രതികളാണുള്ളത്.