സിപിഎം ഓഫിസ് റെയ്ഡ്; എഡിജിപി ഇന്ന് ഡിജിപിക്കു റിപോര്‍ട്ട് കൈമാറും

Update: 2019-01-29 01:38 GMT

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പോലിസ് റെയ്ഡ് നടത്തിയ സംഭവം വിവാദമായതോടെ ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരേ എഡിജിപി മനോജ് എബ്രഹാം നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപോര്‍ട്ട് ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കൈമാറും. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചൈത്രയ്‌ക്കെതിരേ നിലപാട് കടുപ്പിച്ചിട്ടുണ്ടെങ്കിലും എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കടുത്ത ശുപാര്‍ശകളില്ലെന്നാണു സൂചന. ചൈത്ര തേരേസ ജോണ്‍, കൂടെയുണ്ടായിരുന്ന മെഡിക്കല്‍ കോളജ് സിഐ എന്നിവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നാണു വിശദീകരണം. മുഖ്യപ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊടുന്നനെ റെയ്ഡ് നടത്താന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കിയതായാണു സൂചന. മേലുദ്യോഗസ്ഥയുടെ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കീഴുദ്യോഗസ്ഥരുടെ വിശദീകരണം. റെയ്ഡ് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും അതിനാല്‍ കടുത്ത നടപടി സ്വീകരിക്കാനാവില്ലെന്നുമാണ് എഡിജിപിയുടെ റിപോര്‍ട്ട്. കോടതിക്ക് ചൈത്ര തെരേസാ ജോണ്‍ സേര്‍ച്ച് മെമ്മോറാണ്ടം നല്‍കുകയും ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി ഓഫിസ് റെയ്ഡ് ചെയ്തതിനെതിരേ മുഖ്യമന്ത്രി നിയമസഭയിലും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ഉള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതിനിടെ, നടപടിക്കു ശുപാര്‍ശയില്ലാത്ത റിപോര്‍ട്ട് നല്‍കിയാല്‍ അത് സര്‍ക്കാരിനു തിരിച്ചടിയാവും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.

    പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്‌റ്റേഷനില്‍ കാണാന്‍ സമ്മതിച്ചില്ലെന്നാരോപിച്ച് ഒരുസംഘം മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനു കല്ലെറിയുകയായിരുന്നു. ഇതിലെ പ്രതി സിപിഎം ഓഫിസില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ സെല്‍ എസ്പി ചൈത്ര 24നു രാത്രി റെയ്ഡ് നടത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താനായിരുന്നില്ല. എഡിജിപിയുടെ റിപോര്‍ട്ട് പോലിസിനും സര്‍ക്കാരിനും ഒരുപോലെ നിര്‍ണായകമാവും.




Tags:    

Similar News