മുകേഷ് രാജിവെക്കേണ്ടന്ന് സിപിഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും
കൊച്ചി: ബലാത്സംഗ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം തീരുമാനം. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചു.
അതിനിടെ മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കള്‍ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തില്‍ രണ്ടു തട്ടിലായി.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സിപിഎം നേതൃത്വം രാജി ചോദിച്ചു വാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.