തകര്‍ന്നടിഞ്ഞ് എൽഡിഎഫ്; ചിത്രത്തിൽ നിന്നും സിപിഎം മായുന്നു

തമിഴ്നാട്ടിലെ മധുര മണ്ഡലം ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ മറ്റൊരു ലോക്സഭ മണ്ഡലത്തിലും സിപിഎമ്മിന് ആദ്യമണിക്കൂറുകളില്‍ മുന്നിലെത്താനായില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന കേരളത്തില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് നേരിട്ടത്. കേരളത്തിലെ ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സിപിഎം സ്വപ്നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Update: 2019-05-23 07:15 GMT

തിരുവനന്തപുരം: 17ാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ രാജ്യത്ത് ഇടതുമുന്നണിയുടെ അന്ത്യം കൂടിയാണ് കാണുന്നത്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി പിന്നിലായ കാഴ്ചയാണ് ആദ്യ മണിക്കൂറില്‍ തന്നെ കണ്ടത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് ഏകപക്ഷീയ മുന്നേറ്റം തുടര്‍ന്നപ്പോള്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയാണ് രണ്ടാമത് എത്തിയത്.

ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മും വന്‍ തകര്‍ച്ചയാണ് ഇത്തവണ നേരിട്ടത്. ബംഗാളിലും കേരളത്തിലും ത്രിപുരയിലും സിപിഎം മൽസരിച്ച എല്ലാ സീറ്റിലും പിറകിലാണ്. തമിഴ്നാട്ടിലെ മധുര മണ്ഡലം ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ മറ്റൊരു ലോക്സഭ മണ്ഡലത്തിലും സിപിഎമ്മിന് ആദ്യമണിക്കൂറുകളില്‍ മുന്നിലെത്താനായില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷപുലര്‍ത്തിയിരുന്ന കേരളത്തില്‍ അപ്രതീക്ഷിത തകര്‍ച്ചയാണ് നേരിട്ടത്.

കേരളത്തിലെ ഉറച്ച സീറ്റുകളായിരുന്ന പാലക്കാടും ആലത്തൂരും ആറ്റിങ്ങലും സിപിഎം സ്വപ്നത്തില്‍ പോലും കാണാത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആലപ്പുഴയിലും കാസര്‍കോട്ടും മാത്രമാണ് ലീഡ് നില ആടി ഉലഞ്ഞത്. ആലപ്പുഴയില്‍ എഎം ആരിഫും ഷാനിമോള്‍ ഉസ്മാനും ലീഡില്‍ മാറിമാറി വരികയാണ്. കാസര്‍കോട്ട് ആദ്യ ഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്‍ ലീഡുണ്ടാക്കിയെങ്കിലും പിന്നീട് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു.

പ്രതീക്ഷ തെറ്റിക്കാതെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും ലീഡ് ഒരു ലക്ഷം കടത്തി. ബിജെപി വിജയം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് തുടക്കത്തിൽ കുമ്മനം രാജശേഖരന്‍ ഒന്നാം സ്ഥാനത്ത് വന്നെങ്കിലും പിന്നീടൊരിക്കലും ശശി തരൂരിന്റെ കുത്തക തകര്‍ക്കാനായില്ല. ഇടത് കോട്ടയായ ആറ്റിങ്ങലിലും പാലക്കാട്ടും ആലത്തൂരും സിറ്റിംഗ് എംപിമാര്‍ നിലം തൊട്ടില്ല. ആദ്യം മുതല്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും പാലക്കാട്ട് വികെ ശ്രീകണ്ഠനും ആലത്തൂരില്‍ രമ്യ ഹരിദാസും ആധിപത്യം നില നിര്‍ത്തി.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും വീണ ജോര്‍ജ്ജിനെയും പിന്തള്ളി ആന്റോ ആന്റണി ആധിപത്യം നേടി. വിശ്വാസ സംരക്ഷണം വിഷയമാക്കി ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ കെ സുരേന്ദ്രനെ പിസി ജോര്‍ജ്ജ് പിന്തുച്ചെങ്കിലും ജോര്‍ജ്ജിന്റെ തട്ടകത്തില്‍ പോലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡും ലക്ഷം കടന്നു. ഇടത് ശക്തികേന്ദ്രങ്ങളില്‍ പോലും കടന്ന് കയറി കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട്ട് എംകെ രാഘവനെ മറികടക്കാന്‍ ഒരു ഘട്ടത്തിലും എ പ്രദീപ് കുമാറിന് കഴിഞ്ഞില്ല. എറണാകുളത്ത് ഹൈബി ഈഡന്‍ സുരക്ഷിത ലീഡ് എപ്പോഴും നിലനിര്‍ത്തി.

സിപിഎം കോട്ടകളില്‍ അടക്കം കണ്ണൂരിലെ മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ ലീഡുണ്ടാക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും സിപിഎമ്മിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ആദ്യറൗണ്ടിലും രണ്ടാം റൗണ്ടിലും യുഡിഎഫ് ലീഡ് ചെയ്തു. മന്ത്രി ഇ പി ജയരാജന്റെ മണ്ഡലമായ മട്ടന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മാത്രമാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിലവിലെ എംപി കൂടിയായ പി കെ ശ്രീമതിക്ക് ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്യാനായത്. പിന്നീട് ഈ മണ്ഡലങ്ങള്‍ വലത്തോട്ട് നീങ്ങി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ലീഡ് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുപ്പതിനായിരം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ കോട്ടകളായ പേരാവൂരും ഇരിക്കൂറും അഴീക്കോടും വ്യക്തമായ ലീഡ് സുധാകരന്‍ നേടിയിട്ടുണ്ട്.

സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള തലശേരിയിലും കൂത്തുപറമ്പിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. വടകര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് തലശേരിയും കൂത്തുപറമ്പും. 20 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇടതുപക്ഷം പ്രതീക്ഷിച്ച ലീഡ് പി ജയരാജന് നേടാനായിട്ടില്ല.

കേരളത്തില്‍ ഒരു സീറ്റ് എന്‍ഡിഎ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിജെപി തരംഗം കേരളത്തെ ബാധിച്ചിട്ടില്ല. തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രതീക്ഷ വച്ച ബിജെപിയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല. 

Tags:    

Similar News