ശൈലി മാറ്റില്ല; സർക്കാരിനെതിരായ ജനവിധിയല്ല: പിണറായി വിജയൻ

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ല. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും.

Update: 2019-05-25 08:15 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി സർക്കാരിനെതിരായ ജനവിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി പദവി രാജി വയ്ക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എന്‍റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് എന്‍റെ ശൈലിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ല. ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ല. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ശബരിമല ബാധിക്കുമായിരുന്നെങ്കിൽ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ? പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ? അതുകൊണ്ട് അത്തരം വാദങ്ങളിൽ കഴമ്പില്ല.

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാന സർക്കാരും ചെയ്തത്. കേന്ദ്രസർക്കാരിനും അതിൽ വേറെ ഒരു വഴിയുണ്ടായിരുന്നില്ല. ശബരിമലയിൽ പ്രശ്നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസർക്കാർ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക ഏത് സർക്കാരിന്‍റെയും ഉത്തരവാദിത്തമാണെന്നും പിണറായി  പറഞ്ഞു.

ഈ ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എൻഎസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ടെന്ന് തന്നെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികൾ മുതൽ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതൽ പറയാമെന്നും പിണറായി പ്രതികരിച്ചു.

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞിരുന്നു. 

Tags:    

Similar News