സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ്: ഡിസിപിക്കെതിരേ അന്വേഷണം; ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമെന്ന് സിപിഎം

പരാതി അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണമേഖലാ എഡിജിപിക്ക്‌ കൈമാറി. എഡിജിപി നാളെ റിപോര്‍ട്ട് നല്‍കും. ഡിസിപിക്കെതിരേ കര്‍ശന നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമുണ്ട്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഡിസിപി ശ്രമിച്ചത്.

Update: 2019-01-27 06:48 GMT

തിരുവനന്തപുരം: പോലിസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കണ്ടെത്താന്‍ സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരായ പരാതിയില്‍ അന്വേഷണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണമേഖലാ എഡിജിപിക്ക്‌ കൈമാറി. എഡിജിപി നാളെ റിപോര്‍ട്ട് നല്‍കും. അതേസമയം, പോലിസ് സ്‌റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ചൈത്ര മുഖ്യമന്ത്രിയേയും ഡിജിപിയേയും അറിയിച്ചിട്ടുണ്ട്.

നേരത്തെ, ആനാവൂര്‍ നാഗപ്പന്റെ പരാതിയില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി. ഇതിനുപിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയില്‍ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തു. ഇതിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അതേസമയം, സിപിഎമ്മിന്റെ പരാതിയിലുള്ള നടപടിക്രമമെന്ന രീതിയില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു.

പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഫേസ്ബുക്കിലൂടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നടത്തിയത്. പ്രാദേശികമായ വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പോലിസ് സിപിഎമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ലെന്നാണ് ആനാവൂര്‍ പറഞ്ഞത്. അങ്ങനെയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാക്കമ്മിറ്റി ഓഫീസില്‍ കയറുന്നത് മര്യാദകെട്ട നടപടിയാണ്. നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേദിവസം പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്താന്‍ തയ്യാറായ പോലിസ് ഉദ്യോഗസ്ഥ ഒരു വാര്‍ത്ത സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയതാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന് വര്‍ത്തമാനം പറയാനൊരു അവസരം നല്‍കാന്‍ വടിയുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണവര്‍ നടത്തിയതെന്നും ആനാവൂര്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച പോക്‌സോ കേസ് പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തതാണ് കല്ലേറില്‍ കലാശിച്ചത്. ഇവരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. ഈ കേസില്‍ 26 പേര്‍ക്കെതിരേ കേസെടുത്തു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പിടികൂടി. ഒളിവിലുള്ളവരെ തിരഞ്ഞാണ് ഡിസിപി ചൈത്ര തേരേസ ജോണിന്റ നേതൃത്വത്തില്‍ പോലിസ് സംഘം ബുധനാഴ്ച രാത്രി 11.30ഓടെ മേട്ടുക്കടയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറിയില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.

തുടര്‍ന്ന്, പോലിസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പരാതി നല്‍കിയതോടെ മുഖ്യമന്ത്രിയും ഡിജിപിയും ചൈത്ര തേരേസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂനിയന്‍ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര തേരേസ ജോണ്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ജിഒ യൂനിയനും ചൈത്രക്കെതിരേ പരാതി നല്‍കിയിരുന്നു. എസ്ബിഐ ആക്രമണക്കേസിലും പോലിസ് സ്‌റ്റേഷന്‍ അക്രമിച്ച കേസിലും ശക്തമായ നിലപാട് സ്വീകരിച്ചത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊണ്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടിയത് ചൈത്രയായിരുന്നു.

അതേസമയം, ഡിസിപിക്കെതിരേ കര്‍ശന നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമുണ്ട്. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഡിസിപി ശ്രമിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പ് റെയ്ഡ് നടത്തിയത് മനപ്പൂര്‍വമാണെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി.

Tags:    

Similar News