സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് റെയ്ഡ്; ചൈത്ര തെരേസ ജോണിന്റെ ഡിസിപി കസേര തെറിച്ചു
ചൈത്ര ഇനി വിമന്‍സ് സെല്‍ എസ്പിയായി തുടരും. എന്നാല്‍, ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന ഡിസിപി ആര്‍ ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെ ചൈത്ര തേരസ ജോണ്‍ അധികചുമതല ഒഴിഞ്ഞുവെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചത്.
തിരുവനന്തപുരം: പോലിസ് സ്‌റ്റേഷന് കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കായി സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ ചൈത്ര തെരേസ ജോണിന്റെ ഡിസിപി കസേര തെറിച്ചു. റെയ്ഡിന് പിന്നാലെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ചൈത്രയോട് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് ചൈത്ര പദവി ഒഴിഞ്ഞത്. ചൈത്ര ഇനി വിമന്‍സ് സെല്‍ എസ്പിയായി തുടരും. എന്നാല്‍, ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന ഡിസിപി ആര്‍ ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെ ചൈത്ര തേരസ ജോണ്‍ അധികചുമതല ഒഴിഞ്ഞുവെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. ഈ കേസില്‍ 26 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പിടികൂടി. ഒളിവിലുള്ളവരെ തിരഞ്ഞാണ് ഡിസിപി ചൈത്ര തേരേസ ജോണിന്റ നേതൃത്വത്തില്‍ പോലിസ് സംഘം കഴിഞ്ഞരാത്രി 11.30ഓടെ മേട്ടുക്കടയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറിയില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല.
തുടര്‍ന്ന്, പോലിസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആനാവുര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഇതോടെ മുഖ്യമന്ത്രി ചൈത്ര തേരേസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി. ഡിസിപി മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് വിവരം. റെയ്ഡിനെതിരായ ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണത്തിന് കമ്മീഷണറേയും ചുമതലപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി ചൈത്ര തേരസ ജോണിനോട് കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.
ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളില്‍ ചൈത്ര തേരസ ജോണ്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊണ്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികള്‍ ഒളിവില്‍ പോയപ്പോള്‍ എന്‍ജിഒ യൂനിയന്‍ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര തേരേസ ജോണ്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ജിഒ യൂനിയനും ചൈത്രക്കെതിരേ പരാതി നല്‍കിയിരുന്നു.