സിപിഎം ഓഫിസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരേ കോടിയേരി
സര്‍ക്കാരിനു മുകളില്‍ ഒരു ഓഫിസറും പറക്കേണ്ട. സിപിഎം നിരോധിത പാര്‍ട്ടിയല്ല. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു അവര്‍ റെയ്ഡ് നടത്തിയതെന്നും കോടിയേരി ആരോപിച്ചു. അതേസമയം, രാത്രി സമയത്ത് നടത്തിയ റെയ്ഡ് ആസുത്രിതമാണെന്ന് കരുതുന്നില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ ഓഫിസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനു മുകളില്‍ ഒരു ഓഫിസറും പറക്കേണ്ട. സിപിഎം നിരോധിത പാര്‍ട്ടിയല്ല. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു അവര്‍ റെയ്ഡ് നടത്തിയതെന്നും കോടിയേരി ആരോപിച്ചു. അതേസമയം, രാത്രി സമയത്ത് നടത്തിയ റെയ്ഡ് ആസുത്രിതമാണെന്ന് കരുതുന്നില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. പിണറായി വിജയന്‍ ദേശം, ഭാഷ, ശരീരം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ചൈത്രയുടെ നടപടിയെ വിമര്‍ശിച്ച് മുന്നോട്ട് വന്നിരുന്നു.
അതേസമയം, ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിയമപരമായി തെറ്റില്ലെന്നാണ് പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട്. ചൈത്രക്കെതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്യാതെയാണ് എഡിജിപി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. എന്നാല്‍ ജാഗ്രത കുറവുണ്ടായെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ചൈത്രയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിയതോടെ നടപടിയുണ്ടാകുമോയെന്നതില്‍ ഡിജിപിയുടെ നിലപാട് നിര്‍ണായകമാവും.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറിയത്. പരിശോധന നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുണ്ട്. പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിനിടയില്‍ ലഭിച്ച വിവരപ്രകാരമായിരുന്നു പരിശോധന. അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടറും കൂടെയുണ്ടായിരുന്നു. പിറ്റേദിവസം തന്നെ സെര്‍ച്ച് റിപ്പോര്‍ട്ടടക്കം കോടതിയില്‍ നല്‍കിയതിനാല്‍ ചട്ടലംഘനമില്ല. പ്രതികളില്ലെന്ന് ബോധ്യമായതോടെ മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ പാര്‍ട്ടി ഓഫിസില്‍ നിന്ന് പിന്‍മാറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പാര്‍ട്ടി ഓഫിസില്‍ രാത്രിയില്‍ കയറുമ്പോള്‍ ക്രമസമാധാന പ്രശ്‌ന സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താമായിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.