സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം ചട്ടവിരുദ്ധം; വീണ്ടും നോട്ടീസയച്ച് കന്റോണ്‍മെന്റ് ബോര്‍ഡ്
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂര്‍ ബര്‍ണാശ്ശേരി ഇ കെ നായനാര്‍ അക്കാദമിയിലെ വേദി നിര്‍മാണത്തിനെതിരേ വീണ്ടും കന്റോണ്‍മെന്റ് ബോര്‍ഡ് രംഗത്ത്. വേദി നിര്‍മാണം തീരദേശനിയമം ലംഘിച്ചാണെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നല്‍കി. താല്‍ക്കാലിക നിര്‍മാണത്തിന്റെ പേരില്‍ സ്ഥിരനിര്‍മാണം നടത്തുന്നുവെന്നാണ് ബോര്‍ഡ് പറയുന്നത്. കന്റോണ്‍മെന്റ് ആക്ട് സെക്ഷന്‍ 248 പ്രകാരം ഒരുമാസത്തിനകം മറുപടി നല്‍കണം. നിര്‍മാണം അംഗീകരിക്കാന്‍ നിര്‍മാണത്തുകയുടെ 20 ശതമാനം പിഴ അടയ്ക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസിനുവേണ്ടി നായനാര്‍ അക്കാദമിയിലാണ് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ് എന്നിവ ഇല്ലാതെയാണെന്നു കാട്ടി കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നേരത്തെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നിയമപ്രകാരം നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കാനാണു നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തീരദേശ സംരക്ഷണ നിയമപ്രകാരം സോണ്‍ രണ്ടിലാണു അക്കാദമി ഉള്‍പ്പെടുന്ന സ്ഥലം.
തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ ഇവിടെ കെട്ടിടം നിര്‍മിക്കാന്‍ കഴിയില്ല. 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും 2ല്‍ കൂടുതല്‍ നിലകളുണ്ടെങ്കില്‍ അഗ്‌നിരക്ഷാ സേനയുടെയും അനുമതി വേണം. വേലിയേറ്റ രേഖയില്‍ നിന്ന് 500 മീറ്റര്‍ പരിധിക്കുള്ളിലായതിനാല്‍ കണ്ണൂര്‍ കന്റോണ്‍മെന്റിലെ ഭൂരിഭാഗം പ്രദേശവും സിആര്‍ഇസഡ് രണ്ട് വിഭാഗത്തില്‍പ്പെടുന്നതാണ്.
സാങ്കേതിക കാര്യങ്ങളില്‍ വിശദീകരണമാണു നോട്ടിസില്‍ ചോദിച്ചിരിക്കുന്നതെന്നും വിദഗ്ധരുമായി ആലോചിച്ച ശേഷം വിശദവും കൃത്യവുമായ മറുപടി നല്‍കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. സ്‌റ്റേജ് നിര്‍മാണം നിയമം അനുസരിച്ചേ ചെയ്യൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചട്ടം പാലിച്ചാണു നിര്‍മാണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും നേരത്തെ പ്രതികരിച്ചിരുന്നു. ബര്‍ണാശ്ശേരി പ്രദേശം കന്റോണ്‍മെന്റ് ബോര്‍ഡിനു കീഴിലാണ്.