കെ വി തോമസ് ഇന്ന് സിപിഎം വേദിയില്‍; അച്ചടക്ക നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

Update: 2022-04-09 01:36 GMT

കണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലാണ് സെമിനാര്‍. ഹൈക്കമാന്‍ഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് തോമസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചെത്തിയ തോമസിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറുകണക്കിന് പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

ജയരാജന്‍ ചുവന്ന ഷാള്‍ അണിയിച്ചാണ് തോമസിനെ സ്വീകരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ താന്‍ പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാള്‍ ആണെന്ന് നിറത്തെക്കുറിച്ചുള്ള ചോദ്യത്തോട് തോമസ് പ്രതികരിച്ചു. സുഹൃത്ത് എന്ന നിലയിലാണ് ജയരാജന്‍ ഷാള്‍ അണിയിച്ചതെന്ന് ചുവന്ന ഷാള്‍ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന് കെ വി തോമസ് മറുപടി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ കെ വി തോമസ്, പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണെന്നും പല കാര്യങ്ങള്‍ക്കായി ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും വിശദീകരിച്ചു. പരിപാടിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലക്കിനെ മറികടക്കാന്‍ രണ്ടുവട്ടം ഹൈക്കമാന്‍ഡിനെ തോമസ് സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയാലും പ്രശ്‌നമില്ലെന്ന സൂചന നല്‍കി സെമിനാറില്‍ പങ്കെടുക്കാന്‍ തോമസ് തീരുമാനിച്ചത്.

പരിപാടിയുടെ ഭാഗമാവുന്നതോടെ കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയേക്കും. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയില്‍ ഉയര്‍ന്നിട്ടുള്ളത്. അങ്ങനെ സംഭവിച്ചാല്‍ അഭയം നല്‍കാന്‍ തയ്യാറാണെന്ന് സിപിഎമ്മും പ്രഖ്യാപിച്ച് കഴിഞ്ഞു. കെ വി തോമസ് സിപിഎമ്മിലെത്തിയാല്‍ എന്ത് സ്ഥാനം നല്‍കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യവും സെമിനാറിന് പുതിയ രാഷ്ട്രിയമാനം നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രദേശിക പാര്‍ട്ടികളുമായി സഖ്യം വേണമെന്ന രാഷ്ട്രീയ പ്രമേയം അംഗീകരിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍ സിപിഎം വേദിയിലെത്തുന്നത്. സിപിഎം വേദിയില്‍ കെ വി തോമസ് എന്താവും പറയുകയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Tags:    

Similar News