സിപിഎം-ആർഎസ്എസ് സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഞായറാഴ്ച്ച രാത്രിയോടെ സംഘർഷം നടന്നിരുന്നു.

Update: 2022-07-25 02:00 GMT

കണ്ണൂർ: കണ്ണൂർ പിണറായി പാനുണ്ടയിൽ സിപിഎം-ആർഎസ്എസ് സംഘർഷത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷ് ആണ് മരിച്ചത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഞായറാഴ്ച്ച രാത്രിയോടെ സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ മർദ്ദനമേറ്റ ജിംനേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകരായ എ ആദർശ്, പി വി ജിഷ്ണു, ടി അക്ഷയ്, കെ പി ആദർശ് എന്നിവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് സന്ദർശിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. 

Similar News