എസ് രാജേന്ദ്രന്റെ സസ്‌പെൻഷൻ; ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു
ദേവികുളം എംഎല്‍എ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം.
തിരുവനന്തപുരം: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
ദേവികുളം എംഎല്‍എ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. ഇത് ശരിയാണെന്ന് സിപിഎമ്മിന്റെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശുപാർശ നൽകിയത്. ഇതിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നടപടി എടുക്കാൻ കാലതാമസമുണ്ടായത്.
എന്നാൽ നടപടി സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജാതിയുടെ ഭാഗമായി പാർട്ടിയിൽ പ്രവർത്തിക്കാനോ നേതൃപദവിയിലിരിക്കാനോ താല്പര്യമില്ല. അത് താൻ നേരത്തെ അറിയിച്ചതാണ്. നടപടി അംഗീകരിക്കാൻ കഴിയില്ല. എന്നാൽ പാർട്ടി അംഗത്വത്തില്‍ നിലനിർത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.